pinarayi

തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടം 100 മീറ്ററോ 200 മീറ്ററോ ഓട്ടം പോലെ ഒറ്റയടിക്ക് ഓടി ജയിക്കാവുന്ന ഒന്നല്ലെന്നും, മാരത്തൺ ഓട്ടം പോലെ ദീർഘമായ പരീക്ഷണഘട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെയും ജനങ്ങളുടെയാകെയും ക്ഷമയും സഹനശക്തിയും ഇതിൽ പരീക്ഷിക്കപ്പെടുകയാണെന്ന ബോധം നാമോരോരുത്തർക്കുമുണ്ടാവണം. എങ്കിലേ അവസാനം വരെയും വീഴാതെ ഓടിത്തീർക്കാനാകൂ. ഈ പ്രതിസന്ധി അതിജീവിക്കാനുള്ള ശാരീരികക്ഷമതയ്ക്കൊപ്പം, അവസാനം വരെയും പോരാടാനുള്ള മാനസികമായ കരുത്തും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റേത് അപക്വമായ ആഘോഷമായിരുന്നുവെന്ന് ബി.ബി.സി വിമർശിച്ചതിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോൾ ഇതുയർത്തിക്കാട്ടി സർക്കാരിനെതിരെ വരുന്നവർ നേരത്തേ പറഞ്ഞത്, സർക്കാരിന്റെ പി.ആർ വർക്ക് കൊണ്ടാണ് ബി.ബി.സി ആദ്യം പ്രശംസിച്ചതെന്നായിരുന്നു. ഇപ്പോൾ കേരളത്തിനെന്തോ തിരിച്ചടി കിട്ടിയെന്ന തരത്തിൽ അവരുടെ വാർത്തയെ അതേ ആളുകൾ സമീപിക്കുകയാണ്. എന്നാൽ , പുതിയ വാർത്തയിലും പല വിദഗ്ദ്ധരുടെയും അഭിപ്രായമായി ബി.ബി.സി പറയുന്നത്, കേരളം ഇതിനെ നന്നായി കൈകാര്യം ചെയ്തുവെന്നാണ്. ഏറ്റവും കുറവ് മരണ നിരക്കാണ് കേരളത്തിലെന്നും ,രോഗികളുടെ എണ്ണക്കൂടുതലിൽ ആശുപത്രികൾ വീർപ്പ് മുട്ടുന്നില്ലെന്നും ഇതേ വാർത്തയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലെന്നും, നൂറുകണക്കിന് ഗ്രാമങ്ങളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സൗകര്യങ്ങളൊരുക്കുന്നതെന്നും വാർത്തയിലുണ്ട്..ഇതൊന്നും ഞാൻ പറയുന്നതല്ല- മുഖ്യമന്ത്രി പറഞ്ഞു.