പാലോട്: പെരിങ്ങമല പഞ്ചായത്തിലെ മലയോര മേഖലയിൽ വന്യ ജീവികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. ഇവയുടെ നിരന്തര ഉപദ്രവം കാരണം വനം വകുപ്പ് ഓഫീസിലും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പല കർഷകരും വന്യമൃഗശല്യം കാരണം കൃഷി പൂർണമായും ഉപേക്ഷിച്ചു. ഈ സ്ഥലങ്ങളെല്ലാം ഇപ്പോൾ കാട്ടുമൃഗങ്ങളുടെ കേന്ദ്രമായി മാറി. കാട്ടാന ശല്യം അധികം രൂക്ഷമല്ലായിരുന്ന പ്രദേശങ്ങളായ ഇടവം, കോളച്ചൽ, കൊച്ചുവിള, സെന്റ് മേരീസ് എന്നിവിടങ്ങളിലെ വീടുകളും ആരാധനാലയങ്ങൾ വരെ ആന തകർത്തിരിക്കുകയാണ്. പ്ലാവോ, മരച്ചീനിയോ, തെങ്ങോ മതിലിനുള്ളിൽ നിന്നാൽ പോലും മതിൽ തകർത്ത് അകത്തു കയറി ഭക്ഷിക്കുന്നത് ആനകൾ പതിവാക്കിയിട്ടുണ്ട്. കിടങ്ങുകൾ എടുത്ത് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് തടയാനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പ്രിതിവിധികൾ ഉടൻ ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി അറിയിച്ചു. ആദിവാസി മേഖലകളിൽ ചിലയിടങ്ങളിൽ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും പ്രവർത്തനക്ഷമമല്ല. വന്യ ജീവികളെ കാട്ടിലേക്ക് വിരട്ടി അയയ്ക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സേവനവും ഇവിടങ്ങളിൽ ലഭിക്കുന്നില്ല. വനങ്ങളിൽ വന്യ മൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമായ വൃക്ഷങ്ങളും ചെടികളും വെട്ടി നശിപ്പിച്ച് മാഞ്ചിയം, അക്കേഷ്യ പോലുള്ള മരങ്ങൾ നട്ടുപിടിപ്പിച്ചതോടെയാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയത്.
പരിഹാപമാർഗം
ഫെൻസിംഗ് സ്ഥാപിക്കുക
കിടങ്ങുകൾ തീർക്കുക
റാപ്പിഡ് ടീം ശക്തമാക്കണം
കാടിറങ്ങിയവ
ആന
കാട്ടുപോത്ത്
പന്നി
മ്ലാവ്
കേഴയാട്
കുരങ്ങ്