കാസർകോട്: എൻമകജെ വില്ലേജ് ഓഫീസിൽ റെയ്ഡ് നടത്തിയ കാസർകോട് വിജിലൻസ് സംഘം ഓഫീസിൽ ഉണ്ടായിരുന്ന കണക്കിൽപ്പെടാത്ത 6270 രൂപ പിടിച്ചെടുത്തു. കാസർകോട് വിജിലൻസ് ഡിവൈ. എസ്. പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെയാണ് വില്ലേജ് ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
വില്ലേജ് ഓഫീസിലെ നികുതി പിരിവിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇത്രയും തുക അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഓഫീസിൽ പണം എങ്ങിനെ വന്നുവെന്ന് വിജിലൻസ് അന്വേഷിച്ചപ്പോൾ കണക്കുകൾ ബോധ്യപ്പെടുത്താൻ വില്ലേജ് ഓഫീസർക്കും ഓഫീസിൽ ഉണ്ടായിരുന്നവർക്കും കഴിഞ്ഞിരുന്നില്ല. എല്ലാ ദിവസവും ഉദ്യോഗസ്ഥന്മാർ എത്തിയാൽ സ്വന്തം കൈയിലുള്ള കാശിന്റെ വിവരം രേഖപെടുത്തിവെക്കണമെന്നാണ് നിയമം. എന്മകജെയിൽ അത്തരം ഏർപ്പെടുകൾ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത തുക പാരിതോഷികമായി കിട്ടിയതാണെന്ന നിഗമനത്തിലാണ് വിജിലൻസ്. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. തുടർനടപടികൾ റവന്യു വകുപ്പ് സ്വീകരിക്കും. എസ്. ഐ. രമേശൻ, പൊലീസ് ഉദ്യോഗസ്ഥരായ സുഭാഷ് ചന്ദ്രൻ, രഞ്ജിത്ത് , കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അബ്ദുൾ ഖാദറിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.