കഴക്കൂട്ടം: കഠിനംകുളം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ മര്യനാട് കമ്യൂണിറ്റി സെന്ററിൽ നടന്ന 50 പേരുടെ കൊവിഡ് പരിശോധനയിൽ 15 പേർക്ക് രോഗം.പുതുക്കുറുച്ചിയിൽ 8 പേർക്കും മര്യനാട് 6 പേർക്കും വെട്ടുതുറ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. മര്യനാട് ഉൾപ്പടെ ദിവസങ്ങളായി തുടരുന്ന പരിശോധനയിൽ പുതുക്കുറുച്ചി,വെട്ടു തുറ,കല്പന കോളനി, മേനംകുളം പ്രദേശങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113 ആയി.പെരുമാതുറയിൽ ഇതുവരെ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മര്യനാട് വിദ്യാ സദൻ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇതിനകം 82 രോഗികളെ പ്രവേശിപ്പിച്ചതായും 200 ഓളം രോഗികളെ ഇവിടെ പാർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളതായും കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് അറിയിച്ചു.