കോവളം: കണ്ടെയ്‌നർ വിഭാഗത്തിലുള്ള രണ്ടാമത്തെ കപ്പൽ ഇന്ന് രാവിലെ വിഴിഞ്ഞം പുറം കടലിലടുക്കും. ജീവനക്കാരെ കരയിലിറക്കുന്നതിനും പകരം കയറ്റുന്നതിനുമായി എവർഗിഫ്റ്റഡ് എന്ന കപ്പലാണ് എത്തുക. നെതർലൻഡിലെ റോട്ടർഡാം തുറമുഖത്ത് നിന്ന് കൊളംബോയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് കപ്പൽ വിഴിഞ്ഞത്ത് നാല് മണിക്കൂറോളം പുറം കടലിൽ നിറുത്തിയിടുക. രാവിലെ 7.15ഓടെയെത്തുന്ന കപ്പലിൽ നിന്ന് 12 ജീവനക്കാർ കരയിലിറങ്ങും. ഇവർക്ക് പകരം 12പേർ വിഴിഞ്ഞം തീരത്തുനിന്ന് തിരികെ കപ്പലിലേക്ക് കയറും. തീരത്ത് നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ ദൂരെയാവും കപ്പൽ നിറുത്തിയിടുകയെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു. ജീവനക്കാരെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിശോധനകൾക്ക് വിധേയമാക്കും.