തിരുവനന്തപുരം : യു.എ.ഇ കോൺസലേറ്റ് ജനറലിന്റെ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫീസർ ജയഘോഷിനെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തു. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാണു നടപടി. ജയഘോഷിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
യു.എ.ഇ കോൺസൽ ജനറലും പിന്നീടു കോൺസൽ ജനറലിന്റെ ചുമതലയുണ്ടായിരുന്ന അറ്റാഷെയും രാജ്യം വിട്ടിട്ടും വിവരം സ്പെഷ്യൽബ്രാഞ്ചിനെ അറിയിക്കാതിരുന്നതും കൈവശമുണ്ടായിരുന്ന പിസ്റ്റൽ തിരികെ ഏൽപ്പിക്കാത്തതുമാണ് കുറ്റം. തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം അസി.കമ്മിഷണറാണ് വകുപ്പുതല അന്വേഷണം നടത്തുക.
അറ്റാഷെ മടങ്ങിയിട്ടും ജയഘോഷും മറ്റൊരു ഗൺമാനായ അഖിലേഷും ആയുധം തിരികെ നൽകിയില്ലെന്നത് വീഴ്ചയാണെന്ന് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ശുപാർശ.
അറ്റാഷെ രാജ്യംവിട്ടതിനു പിന്നാലെ ജയഘോഷിനെ കാണാതായിരുന്നു. പിന്നീട് വീടിനടുത്തെ കുറ്റിക്കാട്ടിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയഘോഷ് ഇന്നലെ ആശുപത്രി വിട്ടു. യു.എ.ഇ നയതന്ത്ര പ്രതിനിധിയുടെ പേരിൽ ദുബായിൽ നിന്നെത്തിയ ബാഗുകൾ ഏറ്റുവാങ്ങാൻ സരിത്തിനൊപ്പം വിമാനത്താവളത്തിൽ നിരവധി തവണ പോയിട്ടുണ്ടെന്ന് എൻ.ഐ.എയോട് വെളിപ്പെടുത്തിയിരുന്നു. എൻ.ഐ.എയും കസ്റ്റംസും ജയഘോഷിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ജയഘോഷിന് അറിയാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
ജയഘോഷിന്റെ മൊഴിയും ഫോൺകാൾ രേഖകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും വ്യക്തത വരുത്താൻ ഇനിയും ചോദ്യംചെയ്യണമെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു. ആശുപത്രി വിട്ടതോടെ, വിശദ ചോദ്യംചെയ്യൽ ഉടനുണ്ടാകും.