തിരുവനന്തപുരം : സംസ്ഥാനത്തെ കുറഞ്ഞ മരണ നിരക്ക് പ്രതിരോധ മികവിനെയാണെന്ന് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 36,806 കേസുകളും 596മരണങ്ങളുമാണ്. തമിഴ്‌നാട്ടിൽ 4,985 കേസുകളും 70മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കർണാടകത്തിൽ 3,648 കേസുകളും 72 മരണങ്ങളും. എന്നാൽ ജനസാന്ദ്രതയും, വയോജന സാന്ദ്രതയും, ഹൃദ്രോഗങ്ങളുമുള്ളവർ വളരെ കൂടുതലുള്ള കേരളത്തിൽ കുറഞ്ഞ മരണ നിരക്കാണുള്ളത്.
ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് നമ്മൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ അത് 5ഉം, ഡൽഹിയിൽ 7ഉം, തമിഴ്‌നാടിൽ 11ഉം കർണാടകയിൽ 17ഉം, ഗുജറാത്തിൽ 11ഉം ആണ്. കേരളം ടെസ്റ്റുകളുടെ കാര്യത്തിൽ പുറകിലാണെന്നു പറയുന്നവർ നോക്കുന്നത് ടെസ്റ്റുകളുടെ കേവലമായ എണ്ണമാണ്. സെക്കൻഡറി കോണ്ടാക്ടുകൾ ട്രെയ്‌സ് ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.