പാലോട്: വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി മാലിന്യക്കൂമ്പാരത്തിന് നടുവിൽ. വാമനപുരം നദിയിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് ഉപഭോക്താക്കൾക്ക് കുടിവെള്ളമായി വാട്ടർ അതോറിട്ടി നൽകുന്നത്. നദീജലം ബ്ലീച്ചീംഗ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് കുടിവെള്ളമായി നൽകുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് കാലങ്ങളായെന്ന ആരോപണവും ശക്തമാണ്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും പദ്ധതിയുടെ ഉപഭോക്താക്കൾ പറയുന്നു. പാലോട് ആറ്റുകടവിലുള്ള ജലസംഭരണിയിൽ നിന്നും ശേഖരിക്കുന്ന ജലം നന്ദിയോട് പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമുള്ള ടാങ്കിൽ എത്തിച്ച് അവിടെ നിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങളിലെത്തുന്നത്. ഈ ടാങ്കിലെ മേൽമൂടിയുടെ ഒരു ഭാഗം നശിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ വാട്ടർ അതോറിട്ടിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ ഈ ടാങ്ക് വൃത്തിയാക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അതേസമയം രണ്ടു മാസം മുമ്പ് ടാങ്ക് ശുചീകരിച്ചെന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ വിശദീകരണം. നിലവിൽ റോഡുപണി നടക്കുന്ന രണ്ട് സ്ഥലങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് വർഷങ്ങളായി. റോഡ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ വാട്ടർ അതോറിട്ടിക്ക് പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള തുക അടച്ചെങ്കിലും പൈപ്പിന്റെ ഗുണനിലവാര പരിശോധന നടക്കാത്തതാണ് പൈപ്പ് മാറ്റി സ്ഥാപിക്കൽ നീളാനുള്ള കാരണം. പൈപ്പിടൽ കഴിഞ്ഞാൽ മാത്രമേ റോഡ് ടാറിംഗിലേക്ക് കടക്കാൻ കഴിയൂ എന്നതിനാൽ വാട്ടർ അതോറിട്ടി കാരണം ഇവിടത്തെ യാത്രാ സൗകര്യവും നിലച്ച മട്ടാണ്. ശരിയായ രീതിയിൽ കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
നന്ദിയോട് - ആനാട് പദ്ധതിയും നിലച്ചു
എം.കെ.പ്രേമചന്ദ്രൻ ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ 2009ൽ ആരംഭിച്ച 60 കോടിയുടെ നന്ദിയോട് - ആനാട് കുടിവെള്ള പദ്ധതിയും നിലച്ച മട്ടാണ്. പദ്ധതി പ്രദേശം കാടുമൂടിയ സ്ഥിതിയാണ്. നന്ദിയോട് പഞ്ചായത്ത് 27 ലക്ഷം രൂപക്ക് 40 സെന്റ് സ്ഥലം കുടിവെള്ള പദ്ധതിക്കായി വാങ്ങി നൽകിയിട്ടും ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണത്തിനായി നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
പദ്ധതിയുടെ ഗുണം ലഭിക്കുന്നത്
പാലോട്
ചെറ്റച്ചൽ
താവയ്ക്കൽ
കുണ്ടാളംകുഴി