തിരുവനന്തപുരം: മെഡിക്കൽകോളേജിന് പിന്നാലെ ആശങ്ക വർദ്ധിപ്പിച്ച് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ രണ്ടു രോഗികൾക്കും കൊവിഡ് പോസിറ്റീവായി.ഇവരെ പരിചരിച്ച ഒരു ഡോക്ടറിനും രോഗം ബാധിച്ചെന്ന് വിവരമുണ്ടെങ്കിലും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.ആശങ്ക വർദ്ധിച്ചതോടെ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 30ഓളം പേർ നിരീക്ഷണത്തിൽ പോയി. ഇവരുടെ സ്രവം ശേഖരിച്ച് നാലു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെയും പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതോടെ ആശുപത്രിയുടെ പ്രവർത്തനവും പ്രതിസന്ധിയിലായേക്കുമെന്ന ആശങ്ക ഉയർന്നു. എന്നാൽ നിലവിൽ പ്രവർത്തന കാര്യത്തിൽ പ്രതിസന്ധിയൊന്നുമില്ലെന്നും രോഗികൾ കുറവായതിനാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം 24പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ചാലയിലും കൊവിഡ്
ചാല മാർക്കറ്റിലെ വിവിധ ജോലികൾ ചെയ്യുന്ന 16 പേർക്ക് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചതായും സൂചന. പക്ഷെ രണ്ടുപേരുടെ വിവരം മാത്രമാണ് ഇന്നലെ ഔദ്യോഗികമായി പുറത്തുവിട്ടതെന്നും പറയുന്നു. ഇവരിൽ ഭൂരിഭാഗം പേരും കരിമഠം കോളനി നിവാസികളാണ്. ഇവരുടെ ഉറവിടം വ്യക്തമല്ലെങ്കിലും പ്രദേശത്തെ ചായക്കച്ചവടക്കാരനിൽ നിന്നാണ് രോഗം മുണ്ടായതെന്നാണ് സംശയം. ഇയാളെ കഴിഞ്ഞ ദിവസം പൂവാറിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.