മാള: ബൈക്കിലെത്തി മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്ത വിദ്യാര്‍ത്ഥിനിയുടെ കഴുത്തിലും കൈയിലും ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ് പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കാവനാട് മോളേല്‍ ബിജുവിന്റെ മകള്‍ റിയ റോസിനാണ് (15) പരിക്കേറ്റത്. സ്നേഹഗിരി - മലയാംകുന്ന് റോഡില്‍ ഇന്നലെ രാവിലെ പതിനൊന്നോടെ സ്നേഹഗിരി സ്കൂളിന് സമീപമായിരുന്നു സംഭവം. മാതൃഗൃഹത്തില്‍ നിന്ന് ട്യൂഷന് ഇറങ്ങിയ റിയയെ പിറകിലൂടെ ബൈക്കിലെത്തിയ മൂവര്‍ സംഘമാണ് മാല പൊട്ടിക്കാനായി ആക്രമിച്ചത്.എതിര്‍ത്ത റിയയുടെ കഴുത്തിലും കൈയിലും ബ്ലേഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിച്ച് സംഘം രക്ഷപ്പെട്ടു. പരിക്കേറ്റ റിയ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു ബൈക്കിലാണ് മൂവര്‍ സംഘം മോഷണത്തിനെത്തിയത്. മൂന്ന് പേരും ഹെല്‍മെറ്റും മാസ്കും ധരിച്ചിരുന്നതായി റിയ പറഞ്ഞു. കൂടാതെ ബൈക്കിന് നമ്പര്‍ പ്ലേറ്റോ ഇന്‍ഡിക്കേറ്ററുകളോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ വഴിയില്‍ ഒരു പെണ്‍കുട്ടിക്കെതിരെ ആക്രമണം നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍. മാള പൊലീസ് കേസെടുത്തു.