കണ്ണൂർ: ഏച്ചൂരിൽ യൂവാവിനെ വയലിൽ ദുരൂഹ സഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ജൂൺ 22നാണ് നിർമാണ തൊഴിലാളിയായ ഏച്ചൂർ മാവിലച്ചാൽ സ്വദേശി കെ .ഫിനോജിന്റെ (43) മൃതദേഹം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വയലിൽ കണ്ടെത്തിയത്. പിടിവലിക്കിടയിൽ കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം. അതേസമയം മരിച്ചയാളുടെ കയ്യിലെ നഖത്തിൽ പറ്റിപ്പിടിച്ച തലമുടിയാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായ തെളിവായത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഫോറൻസിക് വിദഗ്ദരും പൊലീസും ശാസ്ത്രീയമായ രീതിയിൽ നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണെന്ന് തെളിയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്തിന് സമീപത്തുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട. പോസ്റ്റുമാർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ.ഗോപകൃഷ്ണനാണ് ഷിനോജിന്റെ മരണം കൊലപാതകമാണെന്നുള്ള സൂചന അന്വേഷണ സംഘത്തെ അറിയിച്ചത്. കണ്ണൂർ ഡിവൈ.എസ്.പി പി.പി .സദാനന്ദൻ, ചക്കരക്കൽ സി.ഐ.പി പ്രമോദൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം കണ്ട സ്ഥലം സന്ദർശിച്ച ഡിവൈ.എസ്.പി യും സംഘവും നിരവധി പേരുടെ സാക്ഷിമൊഴിയെടുക്കുകയും സംശയം തോന്നിയ 60 ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചിലരുടെ തലമുടി ഡി.എൻ.എ ടെസ്റ്റിന് അയക്കുകയും ചെയ്തു. ഡി.എൻ.എ റിപ്പോർട്ടിനെ തുടർന്നാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പെട്ടന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചതെന്നാണ് സൂചന. ഫിനോജിന്റെ മരണം നടന്ന ഉടൻ ബന്ധുക്കളും നാട്ടുകാരും കൊലാപാതകമാണെന്ന് ആരോപിച്ചിരുന്നു.
വഴിത്തിരിവായി പോസ്റ്റുമോർട്ടം
സ്വാഭാവികമായി യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു ഫിനോജിന്റെ മൃതദേഹം കണ്ടത്. ദൂരൂഹതയ്ക്ക് വഴിവയ്ക്കുന്ന ഒരു ലക്ഷണവും സംഭവ സ്ഥലത്തോ മൃതദേഹത്തിലോ കാണാനില്ലായിരുന്നു .
സംഭവസ്ഥലത്തെത്തിയ നാട്ടുകാരും സുഹൃത്തുക്കളും മാത്രമല്ല പൊലീസുംവരെ ഇക്കാര്യം സമ്മതിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് സ്വാഭാവിക മരണമല്ലെന്ന് വ്യക്തമായത്.
പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. എസ്.ഗോപാലകൃഷ്ണപിള്ള ശരീരത്തിൽ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണം ഉള്ളതായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന സംശയം ബലപെട്ടത്. മൃതദേഹം കിടന്ന സ്ഥലം ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും ചെയ്തിരുന്നു..