covid

പാറശാല: കുന്നത്തുകാലിലും വെള്ളറടയിലും ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളറട, കുന്നത്തുകാൽ, ആര്യൻകോട്, പെരിങ്കടവിള പഞ്ചായത്തുകൾ ആശങ്കയിൽ. നിലവിലുള്ള കൊവിഡ് രോഗികളെല്ലാം സമ്പർക്കത്തിലൂടെ രോഗികളായവരാണ്. കഴിഞ്ഞ ദിവസം വെള്ളറടയിലെ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേർ നിരീക്ഷണത്തിലാണ്. വെള്ളറടയും കുന്നത്തുകാലും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ്. ഇവിടെ നിയന്തണങ്ങൾ പാലിക്കാൻ കഴിയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. തമിഴ്നാട്ടിൽ നിന്ന് നിയന്ത്രണങ്ങൾ പാലിക്കാതെ നിരവധിപേരാണ് അതിർത്തി കടന്നെത്തുന്നത്.

പനച്ചമൂട്, കുളപ്പാറ റോഡുവഴി പ്രതിദിനം നൂറുകണക്കിന് തമിഴ്നാട്ടുകാരാണ് കച്ചവടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നത്. ശൂരവക്കാണി മുതൽ കന്നുമാംമൂടുവരെ 22 വഴികൾ തമിഴ്നാട് മണ്ണിട്ടു മൂടിയിട്ടുണ്ടെങ്കിലും നാഗർകേവിൽ, കന്യാകുമാരി, മാർത്താണ്ഡം, അരുമന, തോവാള, കുളച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുളപ്പാറ - പനച്ചമൂട് റോഡു മാർഗം വെള്ളറട, കുന്നത്തുകാൽ പഞ്ചായത്തുകളിലെത്തുന്നുണ്ട്. എന്നാൽ അധികൃതർ ഈ റോഡ് അടച്ചിടാനോ വരുന്നവരെ പരിശോധിക്കാനോ തയ്യാറാകുന്നില്ല. വെള്ളറട പൊലീസ് ബാരിക്കേഡ് വച്ച് റോഡ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും തമിഴ്നാട്ടിലെ പ്രാദേശിക പാർട്ടിയിലെ നൂറുകണക്കിനുപേർ പ്രതിഷേധവുമായെത്തിയതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു. നിലവിൽ കണ്ടെയ്ൻമെന്റ് സോണിലുള്ള കുന്നത്തുകാൽ പഞ്ചായത്തിലെ തമിഴ്നാടിന്റെ ഭാഗത്തുള്ള കടകളും സ്ഥാപനങ്ങളും നിയന്ത്രണമില്ലാതെ തുറന്നു പ്രവർത്തിക്കുകയാണ്. ഇതാണ് അതിർത്തി പഞ്ചായത്തുകളിൽ നിയന്ത്രണം പാളുന്നതിന്റെ പ്രധാന കാരണം.