sleeping

കർക്കടക മാസത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖ ചികിത്സയാണ് എണ്ണതേച്ചുകുളി. നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന സ്ഥാനഭ്രംശങ്ങൾക്ക് പരിഹാരം, രക്തയോട്ടം വർദ്ധിപ്പിക്കുക, മനസ്സിനും ശരീരത്തിനു കുളിർമ്മ നൽകുക തുടങ്ങിയവക്കെല്ലാം നല്ലതാണ് എണ്ണ തേച്ചുകുളി. എന്നാൽ നമ്മുടെ ശരീര പ്രകൃതി അറിഞ്ഞു വേണം എണ്ണ തേച്ചു കുളി പരിശീലിക്കാൻ. ഇതിനായി ആയുർവേദ വിദഗ്ധന്റെ ഉപദേശം തേടാം.

ഔഷധക്കഞ്ഞി

കർക്കടകത്തിൽ മാറ്റിവയ്ക്കാൻ കഴിയാത്ത ചികിത്സാ വിധിയാണ് ഔഷധക്കഞ്ഞി സേവിക്കൽ. പൊതുവേ ദഹനശക്തി കുറയുന്ന കാലമായതിനാൽ ദഹനം സുഖപ്രദമാക്കാൻ ഔഷധക്കഞ്ഞി ഉത്തമമാണ്. ഔഷധക്കഞ്ഞി തുടർച്ചയായി ഒരുമാസം സേവിക്കുന്നത് നമ്മുടെ ആമാശയത്തിന്റെ പ്രവർത്തനങ്ങളെ വളരെയധികം സഹായിക്കും.

കർക്കടക ചികിത്സ

കർക്കടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ്മ ചികിത്സയാണ് സുഖ ചികിത്സ. നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ദോഷങ്ങളെ പുറം തള്ളി ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗ കാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങൾ കൂടുതലായി കണ്ടു വരുന്ന സമയമാണ് കർക്കടകം. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെയാണ് ചികിത്സാ കാലം.


പഥ്യം

കർക്കിടക ചികിത്സാ കാലം പഥ്യങ്ങളുടെ കാലം കൂടിയാണ്. മത്സ്യ, മാംസാഹാരങ്ങൾ പൂർണമായും ഉപേക്ഷിക്കുകയും ശരീരത്തിനും മനസ്സിനും ചേരാത്തവയെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കൽ കൂടിയാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ചില രോഗങ്ങൾ ഉള്ളവർക്ക് ചില ഭക്ഷണം ചേരില്ല. ഇത് തിരിച്ചറിഞ്ഞ് ഡോക്ടർ നിർദ്ദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുക.


ഉപേക്ഷിക്കേണ്ടവ

എളുപ്പത്തിൽ ദഹിക്കാത്ത ഭക്ഷണങ്ങൾ ഉപേക്ഷിക്കണം. ഐസ്‌ക്രീം പോലുള്ള ഭക്ഷണങ്ങൾ, പൊറോട്ട, ഉഴുന്നു ചേർത്ത ഭക്ഷണങ്ങൾ, മത്സ്യ മാംസാഹാരങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കണം.

ഉച്ചയുറക്കം നല്ലതല്ല

കർക്കടക മാസത്തിൽ പ്രധാനമായും ഉപേക്ഷിക്കേണ്ട ഒന്നാണ് ഉച്ചയുറക്കം. പകലുറക്കം വിശപ്പു കുറക്കുകയും ദഹനപ്രക്രിയകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല കർക്കിടക കഞ്ഞിയുടെ പ്രവർത്തനം ശരീരത്തിൽ ശരിയായ രീതിയിൽ നടക്കാതിരിക്കുകയും ചെയ്യും.

വൃത്തിയും വെടിപ്പും

പ്രധാനംകർക്കടക മാസം എന്നല്ല ഏതു കാലത്തായാലും വൃത്തിയും വെടിപ്പും അത്യാവശ്യമാണ്. വീടിനുള്ളിൽ നനഞ്ഞ തുണികൾ കൂട്ടിയിടരുത്. വീടിനകത്തും പുറത്തും പുക നൽകുന്നതു നല്ലതാണ്. ഇതിനായി കുന്തിരിക്കം, ഗുൽഗുലു, അഷ്ടഗന്ധം തുടങ്ങിയ സുഗന്ധവസ്തുക്കൾ ഉപയോഗിക്കാം.