മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ചീനിവിള - കുഴിവിള റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായെങ്കിലും ഗതാഗതയോഗ്യമാക്കാനുള്ള നടപടികളില്ലെന്ന് പരാതി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നിടത്തെ ഏക ആശ്രയമായ ആ റോഡിൽ ടാറിളകി മാറി വൻകുഴികൾ രൂപപ്പെട്ടതിനാൽ കാൽനട പോലും ദുഃസഹമായിരിക്കുകയാണ്. 2014 - 15 ൽ ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് നടത്തിയ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയത്. മഴക്കാലത്ത് ഇതുവഴി പോകാനാകാത്ത വിധം വെള്ളക്കട്ട് രൂപപ്പെടും. റോഡ് ആരംഭിക്കുന്നിടത്തെ കുത്തിറക്കത്തിൽ രൂപപ്പെട്ട കുഴികൾ അപകടക്കെണിയായിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇതുവഴി പോയാൽ അപകടം ഉറപ്പാണെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപ് ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും റോഡ് തകർന്നതോടെ അവ നിറുത്തലാക്കി. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് പ്രദേശവാസികൾക്ക് നഗരത്തിലെത്തണമെങ്കിൽ നെല്ലിക്കാട്, കല്ലുവരമ്പ് ഭാഗത്തെത്തി അവിടെ നിന്ന് പോകേണ്ട ഗതികേടാണ്. അഴകം, കുഴിവിള വാർഡുകളിലുൾപ്പെട്ട ഈ റോഡ് നവീകരിക്കണമെങ്കിൽ രാഷ്ട്രീയ ഭേദമന്യെ വാർഡ് അംഗങ്ങൾ താത്പര്യമെടുത്താൽ മതിയെന്നും ഇവർ ഐക്യപെടാത്തതാണ് റോഡ് ഇപ്പോഴും തകർന്ന് കിടക്കാൻ കാരണമെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. ജില്ലാ പഞ്ചായത്ത്, എം.എൽ.എ ഫണ്ടുകൾ വിനിയോഗിച്ച് ഈ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകളുൾപ്പെടെ ത്രിതല പഞ്ചായത്ത് അധികൃതർക്ക് പരാതി
നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സ്കൂൾ - കോളേജ് വിദ്യാർത്ഥികളും കൂലിപ്പണിക്കാരും സർക്കാർ ജീവനക്കാരും ഉൾപ്പെടെ നിരവധിപേർ യാത്ര ചെയ്യുന്ന ഈ റോഡിൽ അറ്റകുറ്റപ്പണികളെങ്കിലും നടത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നതായി നാട്ടുകാർ പറയുന്നു. ചീനിവിള - കുഴിവിള റോഡ് അടിയന്തരമായി നവീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
എളുപ്പവഴി, പക്ഷേ...
പോങ്ങുംമൂട് - അണപ്പാട് പ്രധാന റോഡിൽ നിന്നുള്ള ഈ ഇടറോഡുവഴി അന്തിയൂർക്കോണം, കല്ലുവരമ്പ്, നെല്ലിക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്താനാകും. കൂടാതെ പോങ്ങുംമൂട്, ചീനിവിള ഭാഗത്തുള്ളവർക്ക് പൊട്ടൻകാവ്, കിള്ളി, കാട്ടാക്കട ഭാഗത്തേക്ക് പോകുന്നതിനുമുള്ള എളുപ്പമാർഗമാണീ റോഡ്. എന്നാൽ റോഡ് തകർന്നതോടെ ഈ എളുപ്പവഴിയിലൂടെ പോയാൽ കൂടുതൽ സമയമെടുക്കുമെന്ന അവസ്ഥയാണ്.
ദൂരം -1.5 കി.മീ
ടാർ ചെയ്തിട്ട് - 5 വർഷം
പ്രധാനപ്രശ്നങ്ങൾ
അപകടങ്ങൾ പതിവ്
മഴയത്ത് വെള്ളക്കെട്ട്
കാൽനട യാത്ര ദുഃസഹം
ബസ് സർവീസില്ല
പ്രതികരണം
ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കും. റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഐ.ബി. സതീഷ് എം.എൽ.എ