പാലോട്: പൊതുജനങ്ങൾ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കൈത്തോടുകളിൽ മാലിന്യം നിറയുന്നു. വാമനപുരം നദിയിലേക്കെത്തുന്ന പച്ച മുടുമ്പ് - പാലോട്, ആലംപാറ - ഇരപ്പ് കൈത്തോടുകൾക്കാണീ ഈ ദുർഗതി. വീടുകളിൽ നിന്ന് മാലിന്യവും മറ്റ് ഉപയോഗശൂന്യമായ മറ്റുവസ്തുക്കളും ഉപേക്ഷിക്കുന്നതിനുള്ള ഇടമായി തോടുകൾ മാറിയിട്ടുണ്ട്. ചില വീടുകളിലെ മാലിന്യങ്ങൾ പൈപ്പുകൾ കൈത്തോടുകളിലേക്കാണ് തുറന്നു വച്ചിട്ടുള്ളത്. കൊവിഡ് രോഗബാധ നിയന്ത്രണാതീതമായി മാറുന്ന ഈ സമയത്തു പോലും, ആശ വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി നൽകുന്ന നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണ് ഇത്തരക്കാർ നൽകുന്നത്. നന്ദിയോട്ടെ മാലിന്യം നിറഞ്ഞ ഓടകൾ നിറഞ്ഞൊഴുകിയെത്തുന്നത് ആലംപാറ തോട്ടിലാണ്. വീടുകളിലേയും ചില ഹോട്ടലുകളിലേയും കക്കൂസ് മാലിന്യം ഉൾപ്പെടെയും ഈ ജലാശയത്തിലാണ് എത്തിചേരുന്നുണ്ട്. വിള വീട്, ആലംപാറ, തോട്ടുമുക്ക്, ഊളൻകുന്ന്, മുത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ആശ്രയമായ കൊച്ചുതാന്നിമൂട് ഇരപ്പിൽ നിന്നും ആരംഭിക്കുന്ന നീരുറവ എത്തിച്ചേരുന്നതും ആലംപാറ തോട്ടിലാണ്. ഈ ചെറു തോടുകൾ എത്തിച്ചേരുന്നത് വാമനപുരം നദിയിലെ മീൻമുട്ടിയിലും. ഇവിടുന്ന് പനവൂർ, കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലാണ് ഈ മലിനജലം എത്തിചേരുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ ഇനി പൊലീസിന്റെ നേതൃത്വത്തിലുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.