veld1

വെള്ളറട: മലയോരത്തെ ആയിരങ്ങൾക്ക് ആശ്രയമായ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 'സൂപ്പർ സ്‌പെഷ്യാലിറ്റി" പദവിക്കായി കാത്തിരിക്കുന്നു. കേരള - തമിഴ്നാട് വന അതിർത്തിയോട് ചേർന്നുള്ള ആശുപത്രിയിൽ അത്യാവശ്യം വേണ്ട ചികിത്സകൾ ചെറിയതോതിൽ നൽകുന്നുണ്ട്. ജീവനക്കാരുടെ കുറവും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികയില്ലാത്തതുമാണ് ആശുപത്രിയിലെ പ്രധാന പ്രശ്‌നം. നിലവിലുള്ള ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിച്ചാണ് ചികിത്സ ലഭ്യമാക്കുന്നത്. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, ഡോബി, നഴ്സിംഗ് അസിസ്റ്റന്റ്, ക്ളീനിംഗ് ജീവനക്കാർ തുടങ്ങിയവരുടെ കുറവുമാണ് മറ്റൊരു വെല്ലുവിളി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അനുവദിച്ച 40 ലക്ഷം രൂപയ്‌ക്കുള്ള ആശുപത്രി കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്. ജീവനക്കാരെ നിയമിച്ച് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റിയാക്കി ഉയർത്തി ആദിവാസി മേഖലയിൽ മെച്ചപ്പെട്ട ചികിത്സയ്ക്ക് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

പ്രശ്നങ്ങൾ പലത്

 രണ്ട് സിവിൽസർജൻ വേണ്ടിടത്ത് ഒരാൾമാത്രം

 24 മണിക്കൂറും പ്രവർത്തിക്കാൻ നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറില്ല.

 പീഡിയാട്രീഷൻ ഇല്ല

 ഫിസിഷ്യൻ മെഡിസിനും ഓർത്തോപീഡിഷ്യനിലും ഡെന്റലിലും ഡോക്ടർമാരെ നിയമിക്കണം

മറ്റ് സേവനങ്ങൾ

 ജീവിത ശൈലി രോഗനിർണയ ക്ളിനിക്ക്

 കുഞ്ഞുങ്ങൾക്കുള്ള പ്രതിരോഗകുത്തിവയ്പ്

 സബ് സെന്ററുകളിലൂടെയുള്ള ചികിത്സ

 ഗർഭിണികൾക്കുള്ള പ്രാഥമിക പരിശോധന

 കാഴ്ച പരിശോധന

 പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ

 വേണ്ടത് - 8 സ്റ്റാഫ് നഴ്സ്

സ്ഥിരം നിയമനമുള്ളത് - 2 പേർ

ദിവസവും ആയിരത്തിലേറെ രോഗികൾ ചികിത്സതേടിയെത്തുന്ന മലയോരത്തെ പ്രധാന ആശുപത്രിയായ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചാൽ അത്യാവശ്യം വേണ്ട ചികിത്സകളൊരുക്കാൻ കഴിയും.

- ഡോ. സുനിൽ, മെഡിക്കൽ ഓഫീസർ ഇൻചാർജ്