ആറ്റിങ്ങൽ: മാമം നാളീകേര കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന വെന്ത വെളിച്ചെണ്ണ (വിർജിൻ കോക്കനട്ട് ഓയിൽ) ഉല്പാദന യൂണിറ്റ് നിലച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രവർത്തനം നിറുത്തിയ ഈ ഉല്പാദന യൂണിറ്റ് പിന്നീട് തുറക്കാൻ നടപടിയുണ്ടായിട്ടില്ല. നഗരസഭയുടെ നികുതി കുടിശിക ഒടുക്കാൻ കഴിയാത്തതുൾപ്പെടെയുള്ള വിഷയങ്ങൾ കോംപ്ലക്സിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. കുടിശികയുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെയായിരുന്നു വെളിച്ചെണ്ണ ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം. യൂണിറ്റാരംഭിച്ചെങ്കിലും പ്രവർത്തനം നടന്നില്ല. 2019 മാർച്ച് 4ന് വെന്ത യൂണിറ്റ് വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും ഇപ്പോൾ നിലച്ചിരിക്കുകയാണ്. വെളിച്ചെണ്ണ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായി തുടങ്ങണമെങ്കിൽ 4.5 കോടിയിലധികം രൂപ വേണം. യന്ത്രസാമഗ്രികൾക്കു മാത്രമായി 2.5 കോടിയോളം രൂപ ചെലവുണ്ട്. രണ്ട് കോടി രൂപ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അടുത്തിടെ ഒരു കോടി രൂപ കൂടി വകയിരുത്തി. എന്നാൽ പദ്ധതിക്കാവശ്യമായ തുക പൂർണമായി ലഭിക്കാതെ പ്രവർത്തനങ്ങൾ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. സമയത്ത് പണം ലഭിക്കാതെ വന്നാൽ പദ്ധതി പാതി വഴിയിലാകും. ബാക്കി തുക കൂടി ലഭ്യമായാൽ ഉടൻ സംസ്കരണ യൂണിറ്റ് ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു.
വളർന്നും തളർന്നും
സംസ്ഥാന നാളീകേര വികസന കോർപറേഷന്റെ കീഴിൽ 1980ലാണ് മാമത്ത് നാളീകേര കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചത്. 1987 വരെ ശക്തമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം നഷ്ടത്തെ തുടർന്ന് 1995 ൽ അടച്ചു. പിന്നീട് പല പദ്ധതികളും ഇവിടെ ആവിഷ്കരിച്ചെങ്കിലും കോംപ്ലക്സ് പൂർണതോതിൽ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 2015 സെപ്തംബർ 16ന് ഇവിടെ വെന്ത വെളിച്ചെണ്ണയുടെ ഉല്പാദന യൂണിറ്റിന് തുടക്കമിട്ടു.
കുടിശ്ശിക 3,34,924 രൂപ
2000 മുതൽ 2005 വരെയുള്ള നികുതികുടിശികയായ 3,34,924 രൂപ അടയ്ക്കാൻ ധാരണയായെങ്കിലും പിന്നീട് കോർപറേഷന്റെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.
ജീവനക്കാരും പെട്ടു
വെന്തവെളിച്ചെണ്ണ ഉല്പാദനയൂണിറ്റിൽ ഒരു സ്ഥിരം ജീവനക്കാരനും ഒരു കരാർ ജീവനക്കാരനും ഉൾപ്പെടെ 12 ജീവനക്കാരാണ് ജോലി നോക്കിയിരുന്നത്. ഉല്പാദനം നിലച്ചതോടെ ഇവിടെ ജോലി ചെയ്തിരുന്നവരുടെ വരുമാനമാർഗവും നിലച്ചു.
നികുതി കുടിശ്ശിക ഒടുക്കാൻ സാധാരണ എല്ലാവർക്കും നൽകുന്നതുപോലെ നാളീകേരവികസന കോർപറേഷനും നോട്ടീസ് നൽകിയിട്ടുണ്ട്. പ്രവർത്തനം നിറുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
എം.പ്രദീപ്
- ചെയർമാൻ,ആറ്റിങ്ങൽനഗരസഭ.
നാളീകേര കോംപ്ലക്സിൽ വെളിച്ചെണ്ണ സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം നേരത്തേ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. കോർപറേഷന് ഇനി ആവശ്യമുള്ള തുക കിഫ്ബി വഴി ലഭ്യമാക്കാൻ ധാരണയായിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾ നടക്കുന്നതായാണ് വിവരം. വിർജിൻ കോക്കനട്ട് ഓയിൽ നിർമ്മാണം നിലച്ചതുസംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
- അഡ്വ. ബി.സത്യൻ എം.എൽ.എ