യൂ ട്യൂബ് കമന്റുകളിലൂടെ ശ്രദ്ധേയനായ വിഷ്ണു കുമ്പിടി
തിരുവനന്തപുരം: യൂ ട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വൈറലായവർ ഒരുപാടുണ്ട്. എന്നാൽ മറ്റുള്ളവരുടെ വീഡിയോകൾക്ക് താഴെ കമന്റിട്ട് വൈറലായ കഥയാണ് വിഷ്ണുവെന്ന സാക്ഷാൽ വിഷ്ണു കുമ്പിടിക്ക് പറയാനുള്ളത്. ഒരുവർഷം മുൻപ് യൂ ട്യൂബിലെ ഒരു വീഡിയോയിൽ കമന്റിട്ടപ്പോൾ കിട്ടിയ പ്രതികരണമാണ് വഴിത്തിരവായത്. ആ വീഡിയോയെക്കാൾ കൂടുതൽ ലൈക്ക് വിഷ്ണു കുറിച്ച കമന്റിന് ലഭിച്ചു. ആ സംഭവം തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ വിഷ്ണുവിനെ കമന്റ് തൊഴിലാളിയാക്കുകയായിരുന്നു.
രസകരവും പ്രചോദനകരവുമായ കമന്റുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമാണ് വിഷ്ണുവിപ്പോൾ. പല യൂ ട്യൂബർമാരും തങ്ങളുടെ വീഡിയോയുടെ റീച്ച് കൂട്ടാൻ വിഷ്ണുവിനോട് കമന്റിടാൻ വിളിച്ച് ആവശ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങൾ. കുവൈറ്റിൽ സി.സി.ടി.വി മോണിറ്ററിംഗ് ജോലി ചെയ്യുന്ന വിഷ്ണുവിന്റെ കമന്റുകളിൽ തമാശയും ഉപദേശങ്ങളും ട്രോളും പ്രചോദനവുമെല്ലാമുണ്ടാകും.
കുമ്പിടിയായത്
എല്ലാ വീഡിയോയിലും കമന്റ് ഇടുന്നത് കൊണ്ട് നന്ദനം സിനിമയിലെ ജഗതിശ്രീകുമാറിന്റെ കഥാപാത്രമായ കുമ്പിടി എന്ന് ആരോ വിളിച്ചു. അങ്ങനെ കുമ്പിടിയെ വിഷ്ണു പേരിനൊപ്പം ചേർക്കുകയായിരുന്നു.
കമന്റിൽ പിറന്ന കൂട്ടായ്മയ്ക്ക് ഇന്ന് പിറന്നാൾ
വിഷണുവിന്റെ കമന്റുകൾ ശ്രദ്ധേയമായതോടെ പലരും രസകരമായ കമന്റുകൾ ഇടാൻ തുടങ്ങി. അങ്ങനെ വിഷ്ണു തന്നെ ഏറ്റവും നല്ല കമന്റുകൾ ഇടുന്നവരെ തിരഞ്ഞെടുത്ത് അവരെ ബന്ധപ്പെട്ട് ഒരു സംഘടന തുടങ്ങി. ആൾ കേരള കമന്റ് തൊഴിലാളി അസോസിയേഷൻ കൂട്ടായ്മ എന്ന് പേരും ഇട്ടു. സ്വദേശത്തും വിദേശത്തുമായി 50 പേരുണ്ട് ഈ കൂട്ടായ്മയിൽ. ഡോക്ടർമാർ,വിദ്യാർത്ഥികൾ,അക്കൗണ്ടന്റുമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് അംഗങ്ങൾ. ഈ കൂട്ടായ്മ തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം പിന്നിടുകയാണ്.
സന്നദ്ധ പ്രവർത്തനം സജീവം
ഈ ഒരു വർഷത്തിനിടയ്ക്ക് കൂടായ്മ ഒരുപാട് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കമന്റ് ഇടുന്നതിന് പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാത്തതു കൊണ്ട് സ്വന്തം ചെലവിലാണ് ഇവരുടെ പ്രവർത്തനം. സ്പോൺസേഴ്സിനെ കണ്ടെത്തി സന്നദ്ധ സഹായങ്ങൾ ചെയ്യാനുള്ള ഒരുക്കത്തിലാണിവർ.
പ്രതികരണം
സമൂഹമാദ്ധ്യമങ്ങൾ നമ്മുടെ കാഴ്ചപ്പാട് പുറം ലോകത്ത് വ്യക്തമാക്കാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുമുള്ള വേദിയാണ്. കമന്റുകൾ ആകർഷകമാക്കാനുള്ള പണിപ്പുരയിലാണിപ്പോൾ.
വിഷ്ണു കുമ്പിടി