ചിറയിൻകീഴ്: വർഷങ്ങളായി വീതികൂട്ടലിന് കാത്തിരിക്കുകയാണ് വലിയകട - ശാർക്കര റോഡ്. ചിറയിൻകീഴിൽ നിന്ന് കണിയാപുരത്തേക്ക് പോകാനുള്ള പ്രധാന പാത. രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ വന്നാൽ അവിടെ ബ്ലോക്കുറപ്പ്. റോഡിന്റെ വീതിക്കുറവ് കാരണം അപകടവും പതിവാണ്.
ശാർക്കര റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ നിരവധി വാഹനങ്ങളാണ് വലിയകട - ശാർക്കര റോഡിൽ കുരുങ്ങുന്നത്. ഇത് കാരണം കണിയാപുരത്തേക്ക് ബൈപാസ് വഴി പോകേണ്ട വാഹനങ്ങൾക്കും തടസമാകുകയാണ്.
തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും പാരലൽ സർവീസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ശാർക്കര ദേവീക്ഷേത്രത്തിലേക്ക് പോകുന്നതും ഇതുവഴിയാണ്. തിരുവനന്തപുരത്ത് നിന്ന് ചിറയിൻകീഴിലേക്കുള്ള റോഡിന്റെ അവസാന ഒരു കിലോമീറ്ററിനാണ് ഈ ദുർവിധി. പല സ്ഥലങ്ങളിലും ആറ് മീറ്റർ വീതി മാത്രമാണുള്ളത്.
റോഡ് വക്കിൽ നിന്ന് ഇരുവശത്തും ആറ് മീറ്റർ വീതിയിൽ സ്ഥലം ഉൾപ്പെടുത്തി വേണം പുതിയ റോഡ് നിർമ്മിക്കാൻ. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഭൂ ഉടമകളും കടയുടമകളുമായി ചർച്ച നടത്തിയിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ശ്രമഫലമായി ശാർക്കര - വലിയകട റോഡിനായി അഞ്ച് കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു.
ചിറയിൻകീഴിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുമ്പോൾ ഈ റോഡിലൂടെയാണ് വാഹനങ്ങൾ യാത്രചെയ്യേണ്ടത്. ഇത് നിലവിലെ ഗതാഗതകുരുക്ക് ഇരട്ടിപ്പിക്കും. അതിന് മുമ്പ് അടിയന്തരമായി റോഡ് വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേണ്ടത് വികസനം
വലിയകട - ശാർക്കര റോഡ് കണിയാപുരത്തേക്കുള്ള പ്രധാന പാത
രണ്ട് ബസുകൾ വന്നാൽ ഗതാഗതകുരുക്ക് ഉറപ്പ്
റെയിൽവേ ഗേറ്റടച്ചാൽ റോഡിൽ വാഹനങ്ങൾ കുരുങ്ങും
ബൈപാസ് വഴി കണിയാപുരത്തേക്കുള്ള വാഹനങ്ങളും കുരുങ്ങുന്നു
വികസനം വേണ്ടത് റോഡിന്റെ അവസാന ഒരു കിലോമീറ്ററിൽ
പലയിടങ്ങളിലും റോഡിന്റെ വീതി ആറു മീറ്റർ
റോഡ് വികസനത്തിന് ബഡ്ജറ്റിൽ അഞ്ച് കോടി
'ചിറയിൻകീഴിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ശാർക്കര- വലിയകട റോഡിന്റെ വികസനം അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. റോഡ് വികസന രൂപ രേഖ തയ്യാറാട്ടിയിട്ടുണ്ട്. തുടർ പ്രവർത്തനങ്ങളൊന്നുമായില്ല".
- എസ്. ഡീന, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്