ബോളിവുഡ് നിർമ്മാതാവ് വിധു വിനോദ് ചോപ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരൻ ചേതൻ ഭഗത്. വിധു വിനോദ് ചോപ്ര തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് ചേതൻ ഭഗത് ട്വീറ്റ് ചെയ്തു. ചേതൻ ഭഗത്തിന്റെ 'ഫൈവ് പോയിന്റ് സംവൺ' എന്ന നോവൽ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം 'ത്രീ ഇഡിയറ്റ്സ്' ഒരുക്കിയതിനെതിരെയാണ് ചേതൻ ഭഗത്തിന്റെ ആരോപണം. ചിത്രത്തിൽ കഥയുടെ കടപ്പാട് നൽകാതെ അവഗണന കാണിച്ചതിനെ കുറിച്ചാണ് എഴുത്തുകാരൻ പറയുന്നത്.
"നിങ്ങളുടെ ഭർത്താവ് എന്നെ പരസ്യമായി ഭീഷണിപ്പെടുത്തി, ലജ്ജയില്ലാതെ എല്ലാ മികച്ച സ്റ്റോറി അവാർഡുകളും സ്വന്തമാക്കി, എന്റെ കഥയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് എന്നെ ആത്മഹത്യയിലേക്ക് എത്തിച്ചു. അപ്പോൾ നിങ്ങൾ എവിടെയായിരുന്നു?" എന്ന് ചേതൻ ഭഗത് ട്വീറ്റ് ചെയ്തു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ 'ദിൽ ബേച്ചാര' സിനിമ ഓൺലൈനായി റിലീസ് ചെയ്യുകയാണ്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് ചവറ് എഴുതരുതെന്നും, നേരായും വിവേകത്തോടെയും എഴുതണമെന്നും നിരൂപകരോട് ആവശ്യപ്പെട്ടുള്ള ചേതന്റെ ട്വീറ്റിന് മറുപടിയായി വിധു വിനോദ് ചോപ്രയുടെ ഭാര്യ അനുപമ ചോപ്ര രംഗത്തെത്തിയിരുന്നു. "ഇനിയും നിങ്ങൾക്ക് താഴാൻ സാധിക്കില്ലെന്ന് ഓരോ തവണ കരുതുമ്പോഴും നിങ്ങൾ താഴ്ന്നുകൊണ്ടിരിക്കുന്നു"എന്ന അനുപമ ചോപ്രയുടെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു ചേതൻ.