വെള്ളറട: മലയോര മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആദ്യഘട്ട കൊവിഡ് ചികിത്സ നൽകുന്നതിനായി രണ്ടു കേന്ദ്രങ്ങൾ തുടങ്ങാൻ ഇന്നലെ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആനപ്പാറ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ആനപ്പാറയിലുള്ള വനം വകുപ്പിന്റെ കമ്മ്യൂണിറ്റി ഹാളിൽ 50 പേർക്കും, നേരത്തെ ക്വാറന്റൈൻ സെന്ററായി പ്രവർത്തിച്ച വെള്ളറട രുഗ്മിണി മെമ്മോറിയൽ ദേവി ആശുപത്രിയിൽ 80 പേർക്കും ചികിത്സ സൗകര്യമൊരുക്കാനും തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര തഹസിൽദാർ, പെരുങ്കടവിള ബി.ഡി.ഒ സുരേഷ് കുമാർ, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, വെള്ളറട സി.ഐ എം. ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ, വെള്ളറട മെഡിക്കൽ ഓഫീസർ ഡോ. സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വെള്ളറടയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരാനും തീരുമാനിച്ചു.