സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയോടെയാണ് ബോളിവുഡിൽ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. സ്വജനപക്ഷപാതത്തിനെതിരെ നടി കങ്കണ റണൗട്ട് ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനിടെ നടിമാരായ തപ്സി പന്നു, സ്വര ഭാസ്കർ എന്നിവർക്കെതിരെയും കങ്കണ രംഗത്ത് വന്നിരുന്നു. ഇരുവരും ബി ഗ്രേഡ് നടിമാരാണെന്നായിരുന്നു കങ്കണയുടെ പരാമർശം. തപ്സിയും സ്വരയും പ്രമുഖരെ വിമർശിക്കാൻ ഭയക്കുന്നവരാണെന്ന തരത്തിലുള്ള കങ്കണയുടെ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതിന് മറുപടിയായി 'തനു വെഡ്സ് മനു' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കങ്കണയിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സ്വര ഭാസ്കർ. ഇരുന്നൂറോളം പേർ ഉണ്ടായിരുന്ന സെറ്റിൽ എന്തിനാണ് കങ്കണ തനിക്ക് നേരെ ആക്രോശിച്ചതെന്നും കോപാകുലയായതെന്നും പറഞ്ഞ കമന്റാണ് സ്വര ട്വിറ്ററിൽ കുറിച്ചത്. സ്വരയുടെ ഷോട്ട് കഴിഞ്ഞപ്പോൾ സംവിധായകൻ അഭിനന്ദിച്ചതാണ് കങ്കണയുടെ കോപത്തിന് കാരണമെന്നും കമന്റിൽ പറയുന്നു. ഹാപ്പി മെമ്മറീസ് എന്ന ഹാഷ് ടാഗിലായിരുന്നു സ്വരയുടെ മറുപടി. തന്റെ മറുപടിയിൽ കങ്കണയെ സ്വര ടാഗ് ചെയ്തിട്ടുമുണ്ട്. കങ്കണയെ പരിഹസിച്ച് സ്വര നേരത്തെ പങ്കുവച്ച ട്വീറ്റും ഏറെ ചർച്ചയായിരുന്നു. 1955ൽ പഥേർ പാഞ്ചാലിയിലൂടെ കങ്കണാജിയാണ് ഇന്ത്യയിൽ സമാന്തര സിനിമ ആരംഭിച്ചത്. 2013 ക്വീനിന് ശേഷം അവർ ഫെമിനിസത്തിനും തുടക്കം കുറിച്ചു. ഇതിനെല്ലാം മുമ്പ് 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതും കങ്കണയാണെന്നായിരുന്നു സ്വരയുടെ ട്വീറ്റ്. കങ്കണ പരിധിവിടുന്നു, ഈ പുതിയ കങ്കണയെ അറിയില്ലെന്ന് പറഞ്ഞ് സംവിധായകൻ അനുരാഗ് കശ്യപും രംഗത്തെത്തിയിരുന്നു.