രാജസ്ഥാനെ മാത്രമല്ല രാജ്യത്തെയും ഞെട്ടിച്ച ഒരു ഏറ്റുമുട്ടൽ കൊലയായിരുന്നു ഭരത്പൂർ രാജാവായിരുന്ന രാജാ മാൻസിംഗിന്റേത്. മാൻസിംഗിനൊപ്പം അദ്ദേഹത്തിന്റെ രണ്ട് അനുചരർ കൂടി പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോൾ രാജസ്ഥാനിൽ കോൺഗ്രസ് ഭരണമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ശിവ്ചരൺ മാത്തൂറിന്റെ കസേര തെറിക്കാൻ കൂടി നിമിത്തമായ ഏറ്റുമുട്ടൽ കൊലയുടെ വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുദീർഘമായ മുപ്പത്തഞ്ചു വർഷം വേണ്ടിവന്നു. പ്രതിപ്പട്ടികയിൽ ജീവനോടെ ശേഷിക്കുന്ന പതിനൊന്നു പൊലീസ് ഉദ്യോഗസ്ഥരെയാണ് മഥുരയിലെ സെഷൻസ് കോടതി വിവിധ കാലയളവിലേക്ക് ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിരിക്കുന്നത്. രാജാ മാൻസിംഗിന്റെ കുടുംബത്തിന്റെ അപേക്ഷ മാനിച്ച് വിചാരണ നടപടികൾ രാജസ്ഥാനു പുറത്ത് യു.പിയിലെ മഥുരാ കോടതിയിലാണ് നടന്നത്. 1985 ഫെബ്രുവരി 21-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി 28-നു കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു. എന്നിട്ടും കേസിൽ തീർപ്പുണ്ടാകാൻ മൂന്നര പതിറ്റാണ്ട് വേണ്ടിവന്നു എന്നത് രാജ്യത്തെ വിചിത്രമായ നിയമ - നീതി നടത്തിപ്പു സംവിധാനങ്ങളുടെ ദയനീയ പരാജയം ഉറക്കെ വിളിച്ചു പറയുന്നു.
രാജാമാൻസിംഗ് പട്ടാപ്പകൽ പൊലീസിന്റെ വെടിയേറ്റ് മരണപ്പെട്ട സംഭവത്തിനുശേഷം രാജ്യത്ത് എത്രയോ ഏറ്റുമുട്ടൽ കൊലകൾ ഉണ്ടായിട്ടുണ്ട്. അന്വേഷണവും വിചാരണയുമൊക്കെ ഇപ്പോഴും നടക്കുന്നുമുണ്ട്. പൊലീസ് തന്നെ നേരിട്ടു നീതി നടത്തിപ്പു കൂടി ഏറ്റെടുക്കുന്ന കേസുകൾ ഇടയ്ക്കിടെ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിക്കാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുടെ യഥാർത്ഥ പിന്നാമ്പുറ കഥകൾ പൂർണമായും ഒരിക്കലും ചുരുളഴിയാറില്ല.
രാജാമാൻസിംഗിന്റെ അരുംകൊല തന്നെ എടുക്കാം. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച നാൾ തൊട്ടേയുള്ള തിരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലെ ദീഗ് നിയമസഭാ മണ്ഡലത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഭരത്പൂർ നാടുവാഴിയായ മാൻസിംഗ്. എല്ലാ തിരഞ്ഞെടുപ്പിലും വിജയം അദ്ദേഹത്തോടൊപ്പമായിരുന്നു. 1985-ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം സ്ഥാനാർത്ഥിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തന്റെ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. മണ്ഡലത്തിൽ പ്രചാരണത്തിന് മുഖ്യമന്ത്രി ശിവചരൺ മാത്തൂർ എത്തിയ ഹെലികോപ്ടർ രാജാമാൻസിംഗ് ജീപ്പ് ഓടിച്ചുകയറ്റി കേടുപാടു വരുത്തി. പ്രസംഗവേദിയും നശിപ്പിച്ചു. പൊലീസ് മാൻസിംഗിനെതിരെ കേസും എടുത്തു. പിറ്റേദിവസം കീഴടങ്ങാനായി അനുയായികൾക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്കു ചെന്ന മാൻസിംഗിനു നേരെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെടിവയ്ക്കുകയായിരുന്നു. മാൻസിംഗിനൊപ്പം രണ്ടു അനുചരന്മാരും വെടിയേറ്റു മരിച്ചു. മാൻസിംഗിന് ആറു വെടിയുണ്ടകൾ ഏറ്റിരുന്നു. പട്ടാപ്പകൽ ആളുകളുടെ കൺമുന്നിൽ വച്ചു നടന്ന ഈ കൂട്ടക്കൊല ഏറ്റുമുട്ടൽ കൊലയായി പൊലീസും സർക്കാരും ചിത്രീകരിക്കുകയായിരുന്നു. വൻ പ്രതിഷേധത്തിനൊടുവിൽ രണ്ടു ദിവസത്തിനുശേഷം മുഖ്യമന്ത്രി പദം രാജിവയ്ക്കാൻ കോൺഗ്രസ് നേതാവായ ശിവ്ചരൺ മാത്തൂർ നിർബന്ധിതനായി. ദീഗ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നു. പിന്നീട് തിരഞ്ഞെടുപ്പ് നടന്നപ്പോൾ മാൻസിംഗിന്റെ പുത്രിയാണ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിയായത്.
മാൻസിംഗ് കൊല്ലപ്പെട്ട് അഞ്ചുവർഷത്തോളം കേസ് രാജസ്ഥാൻ കോടതിയിൽ നടന്നെങ്കിലും നടപടികൾ നീണ്ടുപോയി. തുടർന്നാണ് കുടുംബത്തിന്റെ അപേക്ഷ പ്രകാരം വിചാരണ രാജസ്ഥാനു പുറത്തുള്ള കോടതിയിലേക്കു മാറ്റാൻ സുപ്രീംകോടതി ഉത്തരവായത്. പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പട്ടാപ്പകൽ നടന്ന 'ഏറ്റുമുട്ടലിന് " ആളുകൾ സാക്ഷിയാണ്. പൊലീസ് 'മുകളിൽ" നിന്നുള്ള ഉത്തരവനുസരിച്ചാണ് തോക്കെടുത്തതെന്ന് അന്നേ കേട്ടിരുന്നു. മാൻസിംഗിന്റെ പുറത്തു മാത്രമാണ് വെടിയുണ്ടകൾ തുളച്ചുകയറിയിരുന്നത്. പൊലീസ് മനഃപൂർവം വധകൃത്യം നടപ്പാക്കിയെന്നതിനും തെളിവുകൾ ധാരാളമായിരുന്നു. ഇതൊക്കെയായിട്ടും കോടതിയിൽ വിചാരണ പൂർത്തിയാകാൻ മൂന്നു പതിറ്റാണ്ടിലേറെ വേണ്ടിവന്നു എന്നത് തികച്ചും അവിശ്വസനീയമായി തോന്നാം. നീണ്ടുനീണ്ടുപോയ വിചാരണയ്ക്കിടെ പ്രതികളും സാക്ഷികളുമായി പലരും മൺമറയുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇതുപോലുള്ള ഏറ്റുമുട്ടൽ കൊലക്കേസുകൾക്ക് സ്വാഭാവികമായ ഗതിവേഗം ലഭിക്കാതെ പോകുന്നതെന്ന് അന്വേഷിക്കുമ്പോൾ മനസിലാകുന്ന ഒരു കാര്യമുണ്ട്. ഏറ്റുമുട്ടൽ കൊലകളിലധികവും അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് നിയമപാലകർ ഒപ്പിച്ചെടുക്കുന്ന മനുഷ്യക്കുരുതികളാണെന്ന സത്യമാണ് പുറത്തുവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം നടന്നിട്ടുള്ള ഏറ്റുമുട്ടൽ കൊലകളിൽ പലതും ഇത്തരത്തിലുള്ളതാണ്. കൊല്ലപ്പെടുന്നവരിൽ പലരും സമൂഹത്തിനു വേണ്ടാത്ത കൊടും കുറ്റവാളികളാകയാൽ ജനരോഷം കുറഞ്ഞെന്നിരിക്കും. എന്നാലും നിയമദൃഷ്ട്യാ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് ഇതുപോലുള്ള ഏറ്റുമുട്ടൽ കൊലകൾ. സകല നിയമ - നീതി സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് യു.പിയിലെ കാൺപൂരിനെ വിറപ്പിച്ചുകൊണ്ടിരുന്ന കൊടും ക്രിമിനൽ വികാസ് ദുബെ പൊലീസുമായുള്ള 'ഏറ്റുമുട്ടലിൽ" കൊല്ലപ്പെട്ടത് ഏതാനും ദിവസം മുൻപാണ്. ദുബെയുടെ വധത്തിൽ വിലപിക്കാൻ ആരുമില്ലെങ്കിൽക്കൂടി നിയമത്തെ നോക്കുകുത്തിയാക്കുന്ന ഈ സംഭവം ഇപ്പോൾ പരമോന്നത കോടതിയിലെത്തിനിൽക്കുകയാണ്. ഏറ്റുമുട്ടലിനെക്കുറിച്ചന്വേഷിക്കാൻ യു.പി സർക്കാർ രൂപീകരിച്ച സമിതിയിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെയും ഡി.ജി.പിയെയും ഉൾപ്പെടുത്താൻ കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ നിഷ്കരുണം വെടിവച്ചു കൊന്ന വികാസ് ദുബെയെ പിടികൂടി കാൺപൂരിലേക്കു കൊണ്ടുവരുന്നതിനിടയിലാണ് അയാൾ പൊലീസിന്റെ തോക്കിനിരയായത്. വാഹനം മറിഞ്ഞപ്പോൾ രക്ഷപ്പെടാൻ വേണ്ടി പൊലീസിന്റെ പക്കലുള്ള തോക്കെടുത്ത് ദുബെ വെടിവച്ചുവെന്നും തിരിച്ചുള്ള വെടിവയ്പിൽ അയാൾ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് ഭാഷ്യം.
വ്യവസ്ഥാപിതമായ നിയമ - നീതിന്യായ സംവിധാനങ്ങളുള്ള രാജ്യത്ത് നിയമപാലകർ തന്നെ നിയമം കൈയിലെടുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവും വിമർശനവുമൊക്കെ ഉയരുക സ്വാഭാവികമാണ്. സുപ്രീംകോടതി പലതവണ ഇത്തരം അനാശാസ്യ പ്രവണതകൾക്കെതിരെ വിരൽചൂണ്ടിയിട്ടുമുണ്ട്. എന്നിട്ടും തരം കിട്ടുമ്പോഴെല്ലാം നിയമപാലകർ നിയമം കൈയിലെടുക്കാൻ തയ്യാറാവുന്നത് 'മുകളിൽ" നിന്നു സംരക്ഷണം ലഭിക്കുമെന്നു ഉറപ്പുള്ളതുകൊണ്ടാണ്. പൊലീസിനെ ആരാച്ചാരാക്കുന്ന രാഷ്ട്രീയ മനോഭാവത്തിൽ കാതലായ മാറ്റം ഉണ്ടായാലേ നിയമം അതിന്റെ സ്വാഭാവിക വഴിക്ക് പോവുകയുള്ളൂ.
രാജാമാൻസിംഗിന്റെ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ഇനി ഹൈക്കോടതിയിൽ അപ്പീൽ നൽകാം. അവിടെയും ശിക്ഷ ശരിവയ്ക്കുകയാണെങ്കിൽ സുപ്രീംകോടതിയെയും സമീപിക്കാം. അപ്പോഴേക്കും വർഷങ്ങൾ പലതു കഴിയും. പ്രതികൾ ആരും ജീവിച്ചിരിക്കാൻ തന്നെ സാദ്ധ്യതയില്ലാതാകും. ഇങ്ങനെ നീണ്ടുപോകുന്ന വിചാരണ നീതിപീഠത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇതിനാണ് മാറ്റം വരേണ്ടത്.