big

നെടുമങ്ങാട്: കൊവിഡ് കാല ഭക്ഷ്യപ്രതിസന്ധി മുന്നിൽക്കണ്ട് 100 കോടി രൂപയുടെ കാർഷിക വായ്പാ പദ്ധതിയുമായി പാലോട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് മാതൃകയാവുന്നു. നെടുമങ്ങാട് താലൂക്കിൽ സമഗ്ര കാർഷിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണിത്. നെടുമങ്ങാട്, വെഞ്ഞാറമൂട്, വെള്ളനാട് തുടങ്ങി ബാങ്കിന്റെ വിവിധ ശാഖകൾ വഴി ഇരുപതിനായിരം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നത്. ഗ്രാമസമൃദ്ധി എന്ന് പേര് നല്കിയിട്ടുള്ള പദ്ധതിയിൽ മുട്ടക്കോഴി, ആടുവളർത്തൽ, പശു വളർത്തൽ, മത്സ്യകൃഷി, പച്ചക്കറി കൃഷി മുതലായവയും ഇതര ചെറുകിട സംരംഭങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബശ്രീ, മറ്റു സ്വയംസഹായ സംഘങ്ങൾ എന്നിവയ്ക്കും പദ്ധതി പ്രയോജനപ്പെടുത്താം. 8.65 ശതമാനം പലിശനിരക്കിൽ 36 മാസമാണ് തിരിച്ചടവ് കാലാവധി. കച്ചവട വായ്പ, വാഹന വായ്പ, പവർ ഡ്രില്ലർ, ട്രാക്ടർ എന്നിവ വാങ്ങുന്നതിനുള്ള വായ്‌പകളും വിതരണം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് സമഗ്ര കാർഷിക പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

മറ്റു പ്രധാന വായ്പകൾ
ഹരിത ഹൈബ്രിഡ് കാർഷിക വായ്പ (7.75 % പലിശ)
കിസാൻ സമൃദ്ധി വായ്പ (8.65 % പലിശ)
ഉദ്യോഗസ്ഥ ജാമ്യത്തിൽ 2.50 ലക്ഷം രൂപ (8.65 % പലിശ)
ഭവന നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും വായ്പകൾ

പ്രതികരണം
അയ്യായിരം കർഷക ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് തുടക്കത്തിൽ വായ്പ അനുവദിക്കും. കൃത്യമായ തവണ തുക അടയ്ക്കുന്നവർക്ക് പലിശയിൽ പത്ത് ശതമാനം ഇളവ് നൽകും.

എസ്.സഞ്ജയൻ (ബാങ്ക് പ്രസിഡന്റ്)