തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസ്, ഗാർഡ് എന്നിവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജീവനക്കാർക്കായി നടത്തുന്ന പി.സി.ആർ, ആന്റിജൻ പരിശോധയിൽ ഇതുവരെ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാവിലെയും വൈകിട്ടുമായി 30 ജീവനക്കാരെ ആന്റിജൻ പരിശോധന നടത്തി. നേരത്തേ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് പരിശോധിച്ചത്. ഓഫീസ് ജീവനക്കാർ, പുറംതളി, ഗാർഡ്, കുറുപ്പ്, പാത്രം കഴുകൽ തുടങ്ങി വിവിധ വിഭാഗക്കാരെയാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച 40 പേരുടെ പരിശോധന നടത്തിയിരുന്നു. ഇവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതുവരെ ലഭിച്ച എട്ടുപേരുടെ ഫലം നെഗറ്റീവാണ്.10 ജീവനക്കാർ സ്വന്തം ചെലവിലും പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിലെ നാലു ഗാർഡ് വിഭാഗം ജീവനക്കാർക്കും ആറ് പൊലീസുകാർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ക്ഷേത്രത്തിൽ ആകെ മുന്നൂറോളം ജീവനക്കാരാണുള്ളത്. മറ്റുള്ളവർക്കുള്ള പരിശോധന വരും ദിവസങ്ങളിൽ തുടരും.