kovalam

കോവളം: നെതർലാൻഡിൽ നിന്നും ചരക്കുമായി കൊളംബോയിലേക്കുള്ള യാത്രയ്‌ക്കിടെ എവർ ഗിഫ്റ്റ്ഡ് എന്ന കപ്പൽ ഇന്നലെ വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് നടത്തി മടങ്ങി. ഇന്ത്യക്കാരായ 12 കപ്പൽ ജീവനക്കാരെ ഇറക്കുന്നതിനും പുതുതായി 12 പേരെ കയറ്റുന്നതിനുമാണ് കപ്പൽ നങ്കൂരമിട്ടത്. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് ജീവനക്കാരെ കപ്പലിൽ പ്രവേശിപ്പിച്ചത്. വിഴിഞ്ഞം ആസ്ഥാനമായുള്ള ഡോവിൻസ് റിസോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നേതൃത്വത്തിലാണ് ഇതിനുള്ള ക്രമീകരണം ഒരുക്കിയത്. വിഴിഞ്ഞം തീരത്തുനിന്നും 7 നോട്ടിക്കൽ മൈൽ അകലെയാണ് പുറം കടലിൽ നങ്കൂരമിട്ടത്. 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള കപ്പൽ മണിക്കൂറിൽ 18 നോട്ടിക്കൽ മൈൽ വേഗത്തിലാണ് സഞ്ചരിക്കുക. മഹാരാഷ്ട്ര സ്വദേശിയായ സുനിൽ പഗോട്ടാണ് ക്യാപ്ടൻ. സ്റ്റേറ്റ് മാരിടൈം ബോർഡ് ചെയർമാൻ പി.ജെ. മാത്യു, പോർട്ട് ഓഫീസ് ക്യാപ്ടൻ അച്യുതവാര്യർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വിഴിഞ്ഞത്ത് വെസൽസ് അടുപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയത്. 28ന് ഫ്രണ്ടിയർ ടൈഗർ എന്ന സൂപ്പർ ടാങ്കറും ക്രൂ ചേഞ്ചിനായി വിഴിഞ്ഞത്ത് നങ്കൂരമിടും. ഓയിലുമായി സഞ്ചരിക്കുന്ന അതിഭീമൻ ടാങ്കറാണ് ഫ്രണ്ടിയർ ടൈഗർ. പുറംകടലിൽ നങ്കൂരമിടുന്ന ഹെലിപ്പാഡ് സൗകര്യമുള്ള കൂറ്റൻ ടാങ്കറിലേക്ക് ഹെലികോപ്ടർ ഉപയോഗിച്ചാവും ജീവനക്കാരെ കരയിലേക്ക് ഇറക്കുകയും കപ്പലിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയുടെ ഹെലികോപ്ടറാവും ഇതിനായി ഉപയോഗിക്കുകയെന്ന് അധികൃതർ പറഞ്ഞു. ജീവനക്കാരുടെ രേഖകൾ പരിശോധിക്കാൻ കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ സേവനം ആവശ്യമായതിനാൽ ഇവർക്ക് ഓഫീസ് ഒരുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്‌.