കോവളം:പൂന്തുറയ്ക്കും പുല്ലുവിളയ്ക്ക് പിന്നാലെ അടിമലത്തുറയിലും സാമൂഹിക വ്യാപന ഭീഷണി ഉയർത്തി നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.ഇന്നലെ 21പേർക്കാണ് ഇൗ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചത്.അതേസമയം കഴിഞ്ഞ ദിവസം നടത്തിയ ആന്റിജെൻ പരിശോധനയിൽ 36 പേരിൽ മുപ്പതും പോസിറ്റീവായിരുന്നെന്ന് സൂചനയുണ്ട്.നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരടക്കമുള്ളവർക്കായിരുന്നു പരിശോധന.ദിവസങ്ങൾക്ക് മുമ്പ് വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാർക്കും ജീവനക്കാർക്കുമായി നടത്തിയ ആന്റിജെൻ പരിശോധനയിൽ അടിമലത്തുറ സ്വദേശികളായ മൂന്ന് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. തീരദേശ മേഖലയിൽ രോഗികളുടെ എണ്ണം കൂടിതോടെ പുളിങ്കുടിയിൽ ആരംഭിച്ച 145 കിടക്കകളുള്ള താത്കാലിക ആശുപത്രി നിറഞ്ഞെന്നും കോട്ടുകാൽ പഞ്ചായത്തധികൃതർ അറിയിച്ചു.സമൂഹ വ്യാപനം നടന്ന പുല്ലുവിളയിൽ ഗർഭിണികളായ 46 പേരിൽ നടത്തിയ പരിശോധനയിൽ 20 പേർ പോസിറ്റീവായിരുന്നെന്നും വിവരമുണ്ട്. ഇവിടെ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കും.