pic1

നാഗർകോവിൽ: രോഗബാധിതർ 3000ത്തിലേക്ക് എത്തിയ കന്യാകുമാരി ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിക്കുറിശി സ്വദേശിയായ 63 കാരനാണ് മരിച്ചത്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 21ആയി. നേശമണിനഗർ സ്റ്റേഷനിലെ സി.പി.ഒ, തക്കല,​ നാഗർകോവിൽ സ്റ്റേഷനുകളിലെ രണ്ട് എസ്.എസ്.ഐമാർ, കളിയിക്കാവിള സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 10 പൊലീസ് സ്റ്റേഷനുകളാണ് അടച്ചത്. നാഗർകോവിലിലെ ഇ.എസ്.ഐ ആശുപത്രിയിലെ ജീവനക്കാരനും സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരനും രോഗം കണ്ടെത്തിയതോടെ ആശുപത്രിയും ബാങ്കും താത്കാലികമായി അടച്ചു. വെട്ടുവന്നിമഠത്തിലെ സ്വകാര്യ ആശുപത്രിയിലെ വനിതാഡോക്ടർക്കും ഇന്നലെ കൊവിഡ് പോസിറ്റീവ് ആയി. നാഗർകോവിലിലെ ജില്ലാ ജയിലിൽ ഇതുവരെ 18 പ്രതികൾക്ക് രോഗം സ്ഥിരീകരിച്ചു.