തിരുവനന്തപുരം: കൊവിഡ് വ്യാപനം നഗരത്തിൽ രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നഗരസഭ. ആദ്യ ഘട്ടത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറാക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉൾപ്പെടെ 18 സെന്ററുകൾ നഗരസഭാ പരിധിയിൽ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയവരിൽ രോഗ ലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കുമുള്ള ചികിത്സയാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ലഭ്യമാക്കുന്നത്. നഗരസഭാ പരിധിയിൽ നിലവിൽ ആരംഭിച്ചിട്ടുള്ള പതിനെട്ട് സെന്ററുകളിലായി 1793 പേർക്കുള്ള ചികിത്സാ സൗകര്യമുണ്ട്. നിലവിൽ ആറു കേന്ദ്രങ്ങളിലായി 276 പേർ ചികിത്സയിലുണ്ട്. ഈ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, ഭക്ഷണ വിതരണം, അണുനശീകരണം, മാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം നഗരസഭ തന്നെയാണ് നേതൃത്വം നൽകുന്നത്. നടത്തിപ്പിനായി നഗരസഭാ തലത്തിലുള്ള മാനേജ്മെന്റ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി മേയറും സെന്ററുകൾ ആരംഭിച്ചിട്ടുള്ള സ്ഥലത്തെ വാർഡ് കൗൺസിലർ അദ്ധ്യക്ഷനായ സമിതിയും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 300 കേന്ദ്രങ്ങളിൽ ബ്രേക്ക് ദി ചെയിൻ കിയോസ്‌കുകൾ സ്ഥാപിച്ചു. ലോക്ക് ഡൗൺ മൂലം തൊഴിൽരഹിതരായവർക്ക് വരുമാനം ഉറപ്പാക്കുന്നതിനും മാസ്ക് ജനകീയമാക്കുന്നതിനുമായി വീടുകളിൽ 10 ലക്ഷം മാസ്‌ക് ഉത്പാദിപ്പിക്കുന്ന ' എനിക്കായ് നിനക്കായ് നമുക്കായ് ' കാമ്പെയിനും പുരോഗമിക്കുന്നു. നടൻ ഇന്ദ്രൻസാണ് കാമ്പെയിനിന്റെ ബ്രാൻഡ് അംബാസഡർ. നഗരസഭയുടെ എമർജൻസി റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുസ്ഥലങ്ങൾ, കണ്ടെയ്ൻമെന്റ് സോണുകൾ, കൊവിഡ് സ്ഥിരീകരിക്കുന്ന വ്യക്തികളുടെ വീട്, സമീപ പ്രദേശങ്ങൾ എന്നിവ അണുനശീകരണം നടത്തുന്നുണ്ട്. 2800 പേരടങ്ങുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമും നഗരസഭയിലെ മുഴുവൻ ആരോഗ്യവിഭാഗം ജീവനക്കാരും കൊവിഡ് പ്രതിരോധത്തിനായി രംഗത്തുണ്ട്. ചാലയിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കും. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യാചകരെ നഗരസഭയും സാമൂഹ്യ സുരക്ഷാമിഷനും ചേർന്ന് മാറ്റി പാർപ്പിക്കും. നിലവിൽ പ്രിയദർശിനി ഹാളിൽ നഗരസഭയ്‌ക്ക് കീഴിൽ യാചകർക്കായുള്ള ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ആന്റിജൻ പരിശോധനയടക്കം നടത്തി സാമൂഹ്യ സുരക്ഷാ മിഷൻ ഒരുക്കുന്ന ക്യാമ്പിലേക്ക് ഇവരെ മാറ്റി പാർപ്പിക്കും.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. യാചകർക്ക് താമസസൗകര്യം ഒരുക്കാൻ നഗരസഭ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേർന്ന് നടപടി സ്വീകരിക്കും.
മേയർ കെ. ശ്രീകുമാർ
നടപടികൾ
---------------------------
കൂടുതൽ ബ്രേക്ക് ദി ചെയിൻ കോർണറുകൾ
സൗജന്യ മാസ്ക് , സാനിറ്റൈസർ വിതരണം
റെൺസ്പോൺസ് ടീമിന്റെ അണുനശീകരണം
യാചകരെ പുനരധിവസിപ്പിക്കും
മാർക്കറ്റുകളിൽ കർശന നിയന്ത്രണം