ശ്രീകാര്യം: പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ സ്റ്റാഫ് നഴ്‌സായ കുടപ്പനക്കുന്ന് സ്വദേശിയെ നടുറോഡിൽ തടഞ്ഞുനിറുത്തി ബോധവത്കരണമെന്ന പേരിൽ മുക്കാൽ മണിക്കൂർ ശ്രീകാര്യം പൊലീസ് നടത്തിയ ഉപദേശം വിവാദമായി. ഇന്നലെ രാവിലെ എട്ടോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്‌ഷനിലൂടെ മാസ്കും ഹെൽമറ്റും ധരിച്ച് സ്‌കൂട്ടറിൽ ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു സംഭവം. ഐ.ഡി കാർഡ് ഉൾപ്പെടെയുള്ള രേഖകൾ കാട്ടിയിട്ടും പൊലീസ് കടത്തിവിടാതെ ഏറെ നേരം ഉപദേശിച്ച് മടക്കി അയയ്ക്കുകയായിരുന്നു. കിലോമീറ്ററുകൾ ചുറ്റിയാണ് നഴ്സ് ആശുപത്രിയിലെത്തിയത്. തുടർന്ന് യുവതി മെഡിക്കൽ ഓഫീസർക്കും പോത്തൻകോട് സി.ഐക്കും പരാതി നൽകി. സമാന സംഭവം ലോക്ക് ഡൗണിന്റെ തുടക്കത്തിലും ഉണ്ടായിട്ടുണ്ട്. എന്നാൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്തുനിന്നും മറ്റൊരു സഹ ജീവനക്കാരിയെ കൂടി സ്‌കൂട്ടറിൽ കൊണ്ടുപോകാനാണ് നഴ്‌സ് എത്തിയതെന്നും അതിനാലാണ് കടത്തിവിടാത്തതെന്നും ശ്രീകാര്യം സി.ഐ വിശദീകരിച്ചു.