താനൂർ: കൊവിഡ് സമൂഹ വ്യാപന സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ തീരദേശ മേഖലയിലെ ഇരിപ്പിടങ്ങളും കൂടാരങ്ങളും പൊളിക്കാനുള്ള നഗരസഭ തീരുമാനം ഒരു വിഭാഗം ആളുകൾ ഇടപെട്ട് തടഞ്ഞു. നാട്ടുകാരിൽ ചിലർ സ്വയം ഇവ പൊളിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ചില കൗൺസിലർമാർ ഇടപെട്ടതോടെ ഇവർ പിന്മാറി.
ബുധനാഴ്ച രാവിലെ കൂടാരങ്ങൾ പൊളിക്കാനുള്ള തൊഴിലാളികളും ജെ.സി.ബി അടക്കമുള്ള സജ്ജീകരണങ്ങളുമായി നഗരസഭ ജീവനക്കാർ എത്തിയപ്പോഴാണ് നഗരസഭയിലെ ചില കൗൺസിലർമാരും നാട്ടുകാരും ഇടപെട്ടത്.
തീരദേശ മേഖലയിൽ വ്യാപകമായുള്ള കൂടാരങ്ങൾ പൊളിച്ചു മാറ്റാൻ നഗരസഭ സെക്രട്ടറിക്ക് രണ്ടുതവണ പൊലീസ് രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഇവ പൊളിക്കാൻ നഗരസഭ തീരുമാനമെടുത്തു.
വലകളും മറ്റും സൂക്ഷിക്കാനുള്ള സ്ഥലമെന്നാണ് തടയാനെത്തിയവർ പറഞ്ഞത്. എന്നാൽ ഒരു കൂടാരത്തിലും വലയില്ലെന്ന് പൊലീസ് പറയുന്നു. കൂടാരങ്ങൾ പൊളിച്ചു മാറ്റേണ്ടത് നഗരസഭയാണെന്നും സംരക്ഷണം കൊടുക്കാനാണ് പൊലീസെത്തിയതെന്നും സി.ഐ പ്രമോദ് പറഞ്ഞു. നഗരസഭ പിന്മാറിയതോടെ പൊലീസ് തിരിച്ചുപോയി.
സമ്പർക്കം മൂലം കൊവിഡ് സ്ഥിരീകരിച്ച താനൂർ തീരദേശമേഖലയിൽ നിർമ്മിച്ചിട്ടുള്ള കൂടാരങ്ങൾ രോഗവ്യാപനത്തിന് സാദ്ധ്യത കൂട്ടുമെന്ന ഭീതി പരക്കേയുണ്ട്. പണ്ടാര കടപ്പുറം മേഖലയിൽ മാത്രമായി 28 ഓളം കൂടാരങ്ങളുണ്ട്. ഒരേ സമയം നിരവധി പേർ ഓരോ കൂടാരത്തിലും എത്താറുണ്ടെന്ന് പൊലീസ് കരുതുന്നു.