തിരുവനന്തപുരം: ചാലയിലും കരിമഠത്തുമായി മൂന്ന് ചുമട്ടു തൊഴിലാളികൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ചാലക്കമ്പോളത്തിൽ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ചുമട്ട് തൊഴിലാളികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടവരുടെ സ്രവ പരിശോധന ഇന്ന് ചാലയിലും പരിസരത്തും നടത്തും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചാലയിൽ ആരോഗ്യ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. ചാല മാർക്കറ്റിലെ വിവിധ ജോലികൾ ചെയ്യുന്ന 16 പേർക്ക് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചതായും സൂചനയുണ്ട്. പക്ഷേ, ഇതുവരെ അഞ്ചു പേരുടെ വിവരം മാത്രമേ ഔദ്യോഗികമായി പുറത്തു വന്നിട്ടുള്ളൂ. ഇന്നലെ ചാലയിൽ രണ്ടുപേർക്കും കരിമഠത്ത് ഒരാളിനുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം വ്യാപിക്കാതിരിക്കാൻ ചാല കമ്പോളത്തിലെത്തുന്ന മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയരാക്കും. ചാലയിലേക്ക് പ്രവേശിക്കുന്ന റോഡിലും തിരികെ പോകുന്നിടത്തും പൊലീസ് പരിശോധനയുണ്ടാകും. കമ്പോളവും പരിസരവും ഇന്നലെ അണുവിമുക്തമാക്കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനമുണ്ട്. ചാലയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി നഗരസഭ അധികൃതർ കൂടിയാലോചന നടത്തും. മാർക്കറ്റ് അടച്ചിടാൻ തത്കാലം ഉദ്ദേശ്യമില്ലെന്ന് മേയർ വ്യക്തമാക്കി. മൊത്ത വിതരണക്കാരിൽ നിന്നു സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമുണ്ടാകും. എന്നാൽ ചെറുകിട കച്ചവടം തത്കാലം അനുവദിക്കേണ്ടെന്നാണ് തീരുമാനം. തീരദേശത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ലനിലയിൽ പുരോഗമിക്കുന്നതായി മേയർ പറഞ്ഞു. തീരദേശവാസികളുടെ പൂർണ സഹകരണം ഇക്കാര്യത്തിലുണ്ടാകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശ്രദ്ധിക്കാൻ...
മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ജനങ്ങൾ ശ്രദ്ധിക്കണം
കടകളിലും സ്ഥാപനങ്ങളിലും എത്തുന്നവർ അതിന് മുമ്പും പിമ്പും കൈകൾ ശുദ്ധമാക്കണം
കടകളിൽ അനാവശ്യമായി ആളുകൾ കൂട്ടം കൂടാനും ജീവനക്കാരും പൊതുജനങ്ങളുമായി അടുത്തിടപഴകാനും ശ്രമിക്കരുത്
നഗരത്തിൽ സമൂഹ വ്യാപനം തീഷ്ണമായതിനാൽ കർശന നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും മാത്രമേ പ്രതിസന്ധിയെ അതിജീവിക്കാനാകൂ.