covid

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് 20 വരെ കൊവിഡ് ബാധിതരായത് 267 ആരോഗ്യ പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിൽ 62.55 ശതമാനം പേരും ആശുപത്രികളിൽ രോഗികളെ ശുശ്രൂഷിച്ചവരാണ്. 41 ശതമാനം പേർ നേരിട്ടും, 22 ശതമാനം പേർ അല്ലാതെയും. ബാക്കി 23.2 ശതമാനം പേർ ഫീൽഡ് വർക്കിലേർപ്പെട്ടിരുന്നവരാണ്. 63 നഴ്സുമാർക്കും 47 ഡോക്ടർമാർക്കുമാണ് രോഗം പിടിപെട്ടത്.

രാജ്യത്ത് നൂറിൽപ്പരം ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചു. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നൽകിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവർത്തകരെ കാത്തു രക്ഷിച്ചു. രോഗങ്ങൾ കൂടിയ അവസരത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
വീഴ്ച വരുത്തുന്ന സ്ഥാപന

ഉടമകൾക്കെതിരെ നടപടി

സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും അഡീഷണൽ എസ്പിമാരുടെ നേതൃത്വത്തിൽ പ്രോസിക്യൂഷൻ വിഭാഗത്തിന് രൂപം നൽകി. സർക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾ, മരണം എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ സംസ്ഥാന അതിർത്തി കടന്ന് യാത്ര അനുവദിക്കൂ. ഇങ്ങനെ യാത്ര ചെയ്യുന്നവർ ആവശ്യം വ്യക്തമാക്കി ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.