തിരുവനന്തപുരം :കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ (സി.എഫ്.എൽ.ടി.സി) ഡോക്ടർ, നഴ്സ്,പാരാമെഡിക്കൽ, ക്ലീനിംഗ് ജീവനക്കാർ എന്നിവരുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളുടെ എണ്ണം കൂടുന്നതിനാൽ കൂടുതൽ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കണം. ഇതിനായി ആയുഷ് അടക്കമുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി സി.എഫ്.എൽ.ടി.സികളുടെ മാനവ വിഭവശേഷി വർദ്ധിപ്പിക്കും. കൊവിഡുമായി ബന്ധപ്പെട്ടു മുൻനിരയിൽ പ്രവർത്തിക്കുന്ന പൊലീസ്, ആരോഗ്യ പ്രവർത്തകർ, മറ്റ് ജീവനക്കാർ എന്നിവർക്ക് കൊവിഡ് പോസിറ്റീവായാൽ ഇവരെ പാർപ്പിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കുന്നത് സർക്കാർ പരിഗണനയിലാണ്. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടർ ഡോ. നവജ്യോത് ഖോസ, ഡി.സി.പി വി. ദിവ്യ, എ.ഡി.എം വി.ആർ വിനോദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്.നായർ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇൻസിഡന്റ് കമാൻഡർമാർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു

ഇടവ മുതൽ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ മേഖലയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ഇൻസിഡന്റ് കമാൻഡർമാരായ യു.വി. ജോസ്, ഹരികിഷോർ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. അതിർത്തിയായ കാപ്പിൽ പരവൂർ ചെക്‌പോസ്റ്റ്, ക്വാറന്റൈൻ സെന്ററായ ജവഹർ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലും വർക്കല പുത്തൻചന്തയിലെ വിവിധ സ്ഥാപനങ്ങളിലുമെത്തി കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ക്വാറന്റൈൻ സെന്ററായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന നെടുങ്കണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളും ഇൻസിഡന്റ് കമാൻഡർമാർ സന്ദർശിച്ചു.