karkidakam

കർക്കടക മാസത്തിൽ മത്സ്യമാംസങ്ങൾ ഒഴിവാക്കുക. മദ്യം, മറ്റുലഹരി വസ്തുക്കൾ, പുകവലി ഇവ പൂ‌ണ്ണമായും ഒഴിവാക്കുക. കർക്കടക മാസത്തിൽ ശരീരബലം കുറഞ്ഞിരിക്കുന്ന സമയമായതിനാൽ ഇവയുടെ ഉപയോഗം നാഡീഞരമ്പുകളുടെ ശേഷിക്കുറവിന് കാരണമാവുന്നു.

കൂടുതൽ കൊഴുപ്പടങ്ങിയതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കണം. വാതരോഗങ്ങൾ, നടുവേദന,ദേഹവേദന, സന്ധിവാതം എന്നിവയുള്ള രോഗികൾ രാത്രി വൈകി എണ്ണ തലയിൽ തേയ്ച്ചു കുളിക്കരുത്. രാത്രിഭക്ഷണം എട്ടുമണിക്ക് മുമ്പ് കഴിക്കാൻ ശ്രദ്ധിക്കണം. ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞുവേണം ഉറങ്ങാൻ. കഴിവതും വീടുകളിൽ തയ്യാറാക്കിയ ഭക്ഷണം വേണം കഴിക്കാൻ.

ആർത്തവ വിരാമത്തിനുശേഷമുള്ള

കർക്കടക ചികിത്സ

സ്ത്രീകളുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകം ഈസ്ട്രജൻ എന്ന ഹോർമോണാണ്. ആ‌ർത്തവ വിരാമത്തോടെ ഇതിന്റെ പ്രവർത്തനം നിൽക്കുകയും സ്ത്രീയുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് തുടക്കമാകുകയും ചെയ്യുന്നു. അതിനാൽ കർക്കടകത്തിൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ വേണ്ടിവരും.

ഫൈറ്റോ ഹോർമോൺ ധാരാളമടങ്ങിയ കാച്ചിൽ, ചേന, ചേമ്പ്, ചക്ക, ചെറുകിഴങ്ങുകൾ, നാരുകൾ അടങ്ങിയ പച്ചക്കറികൾ, ഇലക്കറികൾ, റാഗി, ചെറുപയർ, തവിടുകളയാത്ത ധാന്യവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

ശതാവരി, നറുനീണ്ടി, കറ്റാർവാഴ, രാമച്ചം തുടങ്ങിയവയും ശരീരപ്രകൃതിയും രോഗാവസ്ഥയ്ക്കും അനുസരിച്ചുള്ള ഔഷധങ്ങൾ, എണ്ണകൾ, പാൽ കഷായം തുടങ്ങിയവയും സേവിക്കുക. മരുന്നുകളിട്ട് തിളപ്പിച്ച വെള്ളത്തില്‍ ഇരിക്കൽ(അവഗാഹം) പിച്ചം ധാരണം(ഉള്ളിൽ മരുന്ന് വയ്ക്കുക) തുടങ്ങിയവ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.