pipe
പുളിയറക്കോണം മേഖലയിൽ സ്ഥാപിച്ചിരുന്ന പൈപ്പുലൈൻ നശിപ്പിച്ച നിലയിൽ

കിളിമാനൂർ: കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നത് പതിവാകുന്നു. നഗരൂർ ഗ്രാമപഞ്ചായത്ത് വെള്ളല്ലൂർ വാർഡിലെ വെള്ളല്ലൂർ ശിവക്ഷേത്രം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുളിയറക്കോണം മേഖലയിൽ സ്ഥാപിച്ചിരുന്ന ടാപ്പുകളാണ് വ്യാപകമായി നശിപ്പിച്ചത്. 2010ൽ ജലവകുപ്പ് 10.50 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കിയത്. നൂറിൽപ്പരം കുടുംബങ്ങളാണ് ഇതിനെ ആശ്രയിച്ച് കഴിയുന്നത്. പുളിയറക്കോണം പട്ടികജാതി കോളനി നിവാസികളും വെള്ളമെടുക്കുന്നത് ഈ പൈപ്പുകളിൽ നിന്നാണ്. ഇവരാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം ദുരിതത്തിലായത്.

വെള്ളല്ലൂർ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ നിരവധി തവണ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. വെള്ളല്ലൂർ ഈഞ്ചമൂല ചെറുകരപൊയ്ക കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ നശിപ്പിച്ച സാമൂഹ്യവിരുദ്ധർ ടാങ്കിൽ മാലിന്യവും നിക്ഷേപിച്ചിരുന്നു. ഈ സംഭവങ്ങളിലൊന്നും പ്രതികളെ പിടികൂടാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സിസി ടിവി കാമറകൾ സ്ഥാപിച്ച് കുടിവെള്ള ടാപ്പുകൾ നശിപ്പിക്കുന്നവരെ കണ്ടെത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

 തുരങ്കംവയ്ക്കുന്നത് നിരവധി പദ്ധതികൾക്ക്

പഞ്ചായത്തിലെ പതിനാറാം വാർഡിൽ 5 കുടിവെള്ള പദ്ധതികളാണുള്ളത്. മൂന്ന് പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇവ പൂർത്തിയാകുന്നതോടെ എല്ലാ വാർഡുകളിലും മുടക്കമില്ലാതെ കുടിവെള്ള എത്തിക്കാൻ സാധിക്കും. ഇങ്ങനെ സമ്പൂർണ കുടിവെള്ള പദ്ധതിയുള്ള സ്ഥലമായി വാർഡിനെ മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് സാമൂഹ്യ വിരുദ്ധർ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത്.

...........................................................

പൊതുജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന വെളളല്ലൂർ ശിവക്ഷേത്രം ജംഗ്ഷൻ കുടിവെള്ള പദ്ധതിയിലെ ടാപ്പുകൾ തകർത്തവരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണം. വിഷയത്തിൽ പൊലീസിൽ പരാതി നൽകി.

കെ.അനിൽകുമാർ, വാർഡ് അംഗം