തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ യു.എ.ഇയിൽ പിടിയിലിയായ ഫൈസൽ ഫരീദിന്റെ കൂട്ടാളിയായ മൂവാറ്റുപുഴ സ്വദേശി റബിൻസ് അബൂബക്കർ കള്ളക്കടത്ത് കേസുകളിലെ സുപ്രധാന കണ്ണി. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ റബിൻസ് സഹോദരൻ നജിൻസിനൊപ്പം ആനിക്കാട് ബ്രദേഴ്സ് എന്ന പേരിൽ കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. 2014-15ൽ മാത്രം 1500 കിലോ സ്വർണമാണ് ആനിക്കാട് ബ്രദേഴ്സ് കടത്തിയത്. ഇവരും നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയതായി സംശയമുണ്ട്.
ഫൈസൽ ഫരീദിന്റെ പേരിൽ ചില പാഴ്സലുകൾ അയച്ചത് ഇപ്പോൾ ദുബായിലുള്ള റബിൻസാണെന്ന് പിടിയിലായ ജലാൽ മുഹമ്മദ് നേരത്തെ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണ് റബിൻസ്. ദുബായിൽ ഇയാൾക്കു ഹവാല ഇടപാടുകളുമുണ്ട്. ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി, ദുബായിലെ മുഴുവൻ നീക്കങ്ങളും നടത്തിയതു റബിൻസാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു.
സ്വത്ത് കണ്ടുകെട്ടാൻ നടപടി
സ്വർണക്കടത്ത് കേസിലെ പ്രതികളായ പി.എസ്.സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നടപടി തുടങ്ങി. മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ തേടി സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നൽകിയിട്ടുണ്ട്. പ്രതികൾക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കൾ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.