purusho
f

കൊവിഡ്: ഓക്സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്റെ നൂറ് കോടി ഡോസ് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണക്കമ്പനികളിലൊന്നായ പൂനെയിലെ സിറം ഇൻസ്റ്രിറ്ര്യൂട്ട് ഉത്പാദിപ്പിക്കും.

ഈ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ഇന്ത്യയിൽ നടത്തുന്നത് സിറം ഇൻസ്റ്രിറ്ര്യൂട്ട് ആണ്. ആഗോളതലത്തിൽ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ ഒക്ടോബർ അവസാനം വാക്സിൻ നിർമ്മിക്കാമെന്ന് സിറം ഇൻസ്റ്രിറ്ര്യൂട്ട് എക്സ്‌പോർട്ട് ഇംപോർട്ട് ഡയറക്ടറും മലയാളിയുമായ പുരുഷോത്തമൻ നമ്പ്യാർ കേരളകൗമുദിയോട് പറഞ്ഞു.

ബ്രിട്ടനിൽ ഈ വാക്‌സിൻ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ അസ്‌ട്ര സെനെകയിൽ നിന്ന് സാങ്കേതിക പരി‌ജ്ഞാനം 150കോടി രൂപയ്ക്ക് വാങ്ങാൻ കരാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസം പത്ത് കോടി ഡോസ് വീതം പത്ത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് നിർമ്മിക്കുക.

ഇന്ത്യയിൽ 5000 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. അടുത്തമാസം പകുതിയോടെ പരീക്ഷണം തുടങ്ങിയേക്കും. ഫലം അറിയാൻ 45 ദിവസം വേണം.

നിർമ്മിക്കുന്നതിൽ പകുതി വാക്സിൻ വിദേശത്തേക്ക് അയയ്‌ക്കും. 170 രാജ്യങ്ങളിൽ സിറം ഇൻസ്റ്രിറ്ര്യൂട്ടിന് വിപണന ശൃംഖലയുണ്ട്. ഇന്ത്യയിൽ ഒരു ഡോസിന് ആയിരം രൂപയിൽ താഴെ ആയിരിക്കും വില. ഇന്ത്യയിൽ കമ്പനി ലാഭം എടുക്കില്ലെന്നും ലാഭം വിദേശത്തുനിന്ന് കിട്ടുമെന്നും പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു.

അതേസമയം,​ കൊവിഡ് വാക്സിൻ ദേശീയ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകാവുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു.130 കോടി ജനങ്ങൾക്ക് ഒരു ഡോസിന് 1000 രൂപ നിരക്കിലാണെങ്കിൽ പോലും 1.30ലക്ഷം കോടി രൂപ വേണ്ടിവരും. ഒന്നിലധികം ഡോസ് വേണ്ടിവന്നാൽ ചിലവ് കൂടും. എങ്കിലും കൊവിഡ് പാക്കേജിൽ ഇതും ഉൾപ്പെടുത്താവുന്നതേ ഉള്ളൂ.


വാക്സിൻ സൗജന്യമാക്കണം

സാധാരണ ഇമ്മ്യൂണൈസേഷന്റെ ചെലവ് കേന്ദ്രസർക്കാരാണ് വഹിക്കുക.

കേന്ദ്രം ചെലവ് വഹിക്കാത്ത വാക്സിനുകളുമുണ്ട്. കേരളത്തിൽ 45 പേർ മരിച്ച ഇൻഫ്ലുവെൻസാ വാക്സിൻ കേന്ദ്രം നൽകിയിട്ടില്ല. കൊവിഡ് വാക്സിനേഷന് ഒരു ഡോസ് മതിയോ ഒന്നിലധികം ഡോസ് വേണ്ടിവരുമോ എന്നറിയില്ല. ആരോഗ്യപ്രവർത്തകർ, പ്രായമായവർ, രോഗ സാദ്ധ്യതയുള്ളവർ,​ പാവപ്പെട്ടവർ എന്നിവർക്കെങ്കിലും സർക്കാർ സൗജന്യമായി വാക്സിൻ നൽകണം

-ഡോ.പി.എൻ.പിഷാരടി, പൊതുജനാരോഗ്യവിദഗ്ദ്ധൻ