കൊവിഡ് എന്ന ദുസ്വപ്നത്തിൽ നിന്ന് ഉണർച്ച ഉണ്ടാകില്ലെ. ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ പരിഭ്രാന്തി ഒരിക്കൽ വന്ന രോഗം വീണ്ടും വരാൻ ഇടയുണ്ടോ എന്നതു കൂടിയാണ്.
ലോസ് ഏൻഞ്ചലസിലെ ഒരു സ്ത്രീക്ക് കൊവിഡ് വന്ന് ആഴ്ചകൾക്കകം രോഗമുക്തയായി. വീട്ടിൽ ചെന്ന് ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും പോസിറ്റീവ് ആയി. ന്യൂജേഴ്സിയിലെ ഒരു ഡോക്ടർ പറയുന്നത് താൻ ചികിത്സിച്ച് ഭേദപ്പെടുത്തുന്നവരിൽ പലർക്കും വീണ്ടും രോഗം വരുന്നു എന്നാണ്.
വീണ്ടും രോഗം വരുന്നത് വളരെ അപൂർവമാണെന്നും അക്കാര്യത്തിൽ അനാവശ്യ ഭയം ജനങ്ങൾക്ക് വേണ്ടെന്നുമാണ് മറ്റൊരു സംഘം വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
ലോകത്താകെ കൊവിഡ് വൈറസിന്റെ താണ്ഡവം തുടങ്ങിയിട്ട് ഏഴ് മാസത്തോളമായി. ഇനി വാക്സിൻ വന്നാലെ ഇവനെ പിടിച്ചുകെട്ടാൻ പറ്റൂ എന്ന ചിന്തയിൽ തന്നെയാണ് ശാസ്ത്രജ്ഞന്മാർ.
കൊറോണ വൈറസ് ആക്രമിക്കുന്ന രോഗിയിൽ പ്രതിരോധ തന്മാത്രകൾ രൂപപ്പെടും. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ ഈ പ്രതിരോധ തന്മാത്ര നിരയുടെ ശക്തി ക്ഷയിക്കും. ഈ കാലയളവിലാണ് വീണ്ടും രോഗം വരാനുള്ള സാദ്ധ്യത. എന്നാൽ ഒരു രോഗം ഭേദമായതിനു ശേഷം പ്രതിരോധ തന്മാത്രകളുടെ കൂട്ടം ചേരലിൽ കുറവ് വരുന്നത് തികച്ചും സ്വാഭാവികമാണെന്നാണ് ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഡോ. മൈക്കൽ ചിന അഭിപ്രായപ്പെടുന്നത്.
മാത്രമല്ല, കൊവിഡിനെ പ്രതിരോധിക്കുന്ന ടി - സെല്ലുകളുടെ ഓർമ്മ എത്രനാൾ നീണ്ടുനിൽക്കും എന്നതിനെക്കുറിച്ച് വ്യക്തമായ പഠനങ്ങൾ വന്നിട്ടില്ല. മ്യൂട്ടേഷൻ സംഭവിച്ച കൊറോണ വൈറസുകളെ ഇത് തിരിച്ചറിയണമെന്നില്ല. ഇതാവാം രണ്ടാമതും കൊവിഡ് വരാൻ ഇടയാക്കുന്നത്.
ശ്വാസകോശത്തിലും ശ്വാസകോശ നാളിയിലും ടി സെല്ലുകൾ കൂടുതൽ നാൾ ഗ്രൂപ്പ് ചെയ്ത് നിൽക്കാൻ ഇടയായാൽ ഇതിന് കൊവിഡിനെ ഫലപ്രദമായി ചെറുക്കാനാകുമെന്നാണ് യെൽ യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജിസ്റ്റ് അക്കിയോ ഇവാസാക്കി അഭിപ്രായപ്പെടുന്നത്.
ബോസ്റ്റണിലെ 37 വയസുള്ള മേഗൻ കെന്റ് എന്ന വനിതയ്ക്ക് മാർച്ച് 30നാണ് പോസിറ്റീവ് ആയത്. കാമുകനിൽ നിന്നാണ് രോഗം കിട്ടിയത്. മണം നഷ്ടപ്പെട്ടതല്ലാതെ മറ്റ് രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. 14 ദിവസത്തെ ക്വാറന്റീനുശേഷം രോഗം ഭേദമായി ജോലിക്ക് പോയിത്തുടങ്ങി. എന്നാൽ മേയ് 8ന് മേഗൻ പെട്ടെന്ന് അസുഖബാധിതയായി. അടുത്ത ദിവസം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ പോസിറ്റീവ്. ഒരു മാസത്തിന് ശേഷമാണ് അവർ പിന്നീട് രോഗമുക്തയായത്.
രണ്ടാമത് രോഗം വന്നപ്പോൾ ആദ്യ വട്ടത്തേ അപേക്ഷിച്ച് വളരെ കടുത്ത നിലയാണ് ഉണ്ടായത്.
എന്നാൽ രോഗം വീണ്ടും ഉണ്ടാകും എന്ന നിലയിൽ പ്രചാരണങ്ങൾ നടത്തുന്നത് ജനങ്ങളിൽ ഭീതി നിറയ്ക്കാനെ ഉതകൂ എന്ന് ഒരുസംഘം ഡോക്ടർമാർ എടുത്തുപറയുന്നു. ഇങ്ങനെ വീണ്ടും രോഗം വരുന്നത് അപൂർവമാണ്. അതിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തിയാൽ മാനസികമായ ഗുരുതരമായ പല പ്രശ്നങ്ങൾക്കും അതിടയാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് ബാധിച്ചവരിൽ ശക്തമായ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതാണ് നല്ലത്. അപ്പോൾ പ്രതിരോധ സെല്ലുകളുടെ ജാഗ്രത കൂടുതലായിരിക്കും. പ്രതിരോധ നിര ശക്തമാകും. അങ്ങനെ ഉള്ളവരിൽ രോഗം മാറിയതിനു ശേഷം വീണ്ടും വരില്ല. ലക്ഷണങ്ങളില്ലാത്ത രോഗികളിലാണ് രോഗം ആവർത്തിക്കാനുള്ള സാദ്ധ്യത കൂടുതൽ.