health

രോഗങ്ങൾ വീണ്ടും ഉണ്ടാകാത്ത വിധം രോഗകാരണങ്ങളെ ശരീരത്തിൽ നിന്ന് മാറ്റുകയും,​ ശരീരാരോഗ്യം പൂർവാധികം ശക്തിയോടെ വീണ്ടെടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് പഞ്ചകർമ്മചികിത്സയ്ക്ക് ഇത്രയേറെ പ്രാധാന്യം ഉണ്ടായത്. രോഗങ്ങളെ വേരോടെ പിഴുതെറിയുന്നതാണ് ആയുർവേദ ചികിത്സ എന്ന് പറയാൻ കാരണമായത് പഞ്ചകർമ്മ ചികിത്സയുടെ ഫലം മനസ്സിലാക്കിയിട്ടാണ്. വമനം, വിരേചനം, നസ്യം, കഷായവസ്തി,​ സ്നേഹവസ്തി എന്നിവയാണ് പഞ്ചകർമ്മചികിത്സകൾ. രോഗത്തിന് കാരണമായ ദോഷങ്ങളെ ഏറ്റവും സമീപസ്ഥമായ ശരീര സുഷിരത്തിലൂടെ പുറത്തേക്ക് കളയുകയാണ് പഞ്ചകർമ്മ ചികിത്സ ചെയ്യുന്നത്. അതിനാലാണ് പഞ്ചകർമ്മ ചികിത്സയെ ശോധന ചികിത്സ എന്നും വിളിക്കുന്നത്. ഉദാഹരണത്തിന് ശിരസിലെ അവയവങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ദോഷത്തെ മൂക്കിലൂടെ മരുന്ന് ഒഴിച്ച് പുറത്തേക്ക് കളയുന്നതാണ് നസ്യം. ഓരോ പഞ്ചകർമ്മ ചികിത്സയും ഫലപ്രദമാകണമെങ്കിൽ അവ കൃത്യമായി ചെയ്യാനും ചില വിധികളുണ്ട്. കുറഞ്ഞ രീതിയിലോ കൂടിയ രീതിയിലോ ആകരുത്. പകരം മിതമായിരിക്കണം. അത് എങ്ങനെയാണെന്നും അതിന് ആവശ്യമായ മരുന്നിന്റെ അളവും ഓരോ വ്യക്തിയിലും ചികിത്സയിലും വരുത്തേണ്ട വ്യത്യാസങ്ങളും അതിനായി ഉൾപ്പെടുത്തേണ്ട പ്രാരംഭ ചികിത്സകളും ആയുർവേദത്തിൽ കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പഞ്ചകർമ്മ ചികിത്സയുടെ യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ അത് കൃത്യമായി പഠിച്ച് പരിശീലിക്കുന്ന ഒരാളിൽനിന്നു തന്നെ സ്വീകരിക്കണം എന്ന് പറയുന്നത്. പഞ്ചകർമ്മ ചികിത്സയായ സ്തി ചികിത്സയ്ക്ക് വിധേയമായാൽ,​ പകുതിചികിത്സയായി എന്ന രീതിയിൽ വസ്തിക്ക് പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ നമുക്കു ചുറ്റുമുള്ള പലരും വസ്തി ചികിത്സ ചെയ്യാൻ മടിയുള്ളവരാണ്. എന്തെന്നാൽ സുഖം തോന്നുന്ന ചികിത്സകൾ മാത്രമാണ് ചിലർ ചെയ്യുന്നത്. മറ്റുചിലർക്ക് അത് മാത്രമേ അറിയാവൂ. അങ്ങിനെയുള്ള ചികിത്സകരും നമുക്ക് ചുറ്റിലുമുണ്ട്. കർക്കടകത്തിൽ കൂണുപോലെ മുളച്ചുപൊന്തുന്ന സ്ഥാപനങ്ങളിൽ അധികവും ഇത്തരം വൈദ്യന്മാരുടേതാണ്. ആരോഗ്യത്തെ ആഗ്രഹിക്കുന്നവർ അത്തരം ചികിത്സകൾ സ്വീകരിക്കരുത്. പ്രധാന ചികിത്സയുടെ പ്രാരംഭ ചികിത്സകളായ എണ്ണതേപ്പ്, ആവിക്കുളി, ഇലക്കിഴി ,പൊടിക്കിഴി, നാരങ്ങ കിഴി തുടങ്ങിയവയാണ് പലരും പഞ്ചകർമ്മചികിത്സകളായി ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ,​ ഇവയൊന്നും പഞ്ചകർമ്മചികിത്സയുടെ ഫലം തരുന്നവയല്ല. ഇത്തരം ചികിത്സകളിൽ ഏർപ്പെടുന്നവർ നിർബന്ധമായും പഞ്ചകർമ്മ ചികിത്സയ്ക്ക് വിധേയമായിരിക്കണം. അല്ലെങ്കിൽ മറ്റു രോഗങ്ങൾ കൂടി ക്ഷണിച്ചു വരുത്താൻ ഇത് ഇടയാക്കും. രോഗത്തിന് കാരണമായ ദോഷങ്ങൾ ശരീരത്തിൽ നിന്ന് നിർഹരിച്ച് കളയാവുന്ന വിധത്തിൽ ക്രമീകരിക്കുക എന്നതാണ് പ്രാരംഭ ചികിത്സകൾ വഴി ചെയ്യുന്നത്. അവയെ സുഖകരമായ രീതിയിൽ പുറത്തേക്ക് കളയുന്നത് പഞ്ചകർമ്മ ചികിത്സയിൽ ഏതെങ്കിലും ഉപയോഗിച്ചാണ്. ചിലപ്പോൾ ഒന്നിൽ കൂടുതൽ ചികിത്സകൾ വേണ്ടിവരാം. അതുകൊണ്ടാണ് തേച്ചുകുളി തുടങ്ങിയ പ്രാരംഭ ചികിത്സകൾ ചെയ്യുന്നവർ,​ നിർബന്ധമായും വമനം, വിരേചനം തുടങ്ങിയ പഞ്ചകർമ്മ ചികിത്സകൾക്ക് കൂടി വിധേയമാകേണ്ടതുണ്ട് എന്ന് പറയുന്നത്.
എന്നാൽ,​ കോവിഡിന്റെ പശ്ചാത്തലത്തിൽ പഞ്ചകർമ്മ ചികിത്സ ചെയ്യുന്നതിന് വളരെയേറെ പരിമിതികളുണ്ട്. പകരം ചെയ്യാവുന്ന ചികിത്സകളെക്കുറിച്ച് തുടർന്ന് വിശദമാക്കാം.