പൂവാർ: റേഷൻ കടകളിൽ ഇപ്പോൾ ഉപയോഗിച്ചുവരുന്ന ഇ പോസ് മെഷീൻ മാറ്റി മാന്വൽ ആക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സാധാരണ റേഷൻ സാധനങ്ങൾ കൂടാതെ പി.എം സ്കീം പ്രകാരമുള്ള അരിയും ഗോതമ്പും നൽകേണ്ടതുണ്ട്. വാങ്ങാനെത്തുന്നവരുടെ തിരക്കും, നെറ്റ് വർക്ക് തകരാറും കാരണം ഇ പോസ് മെഷീൻ എപ്പോഴും ജാമാകും. നിരവധി തവണ വിരൽ പതിച്ചാൽ മാത്രമേ ഒരാൾക്ക് റേഷൻ കൊടുക്കാൻ കഴിയൂ. അതിനാൽ റേഷൻകടകളിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. കൊവിഡ് രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ റേഷൻ വിതരണം മാന്വലാക്കണമെന്ന് താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാറും സെക്രട്ടറി മംഗലത്തുകോണം മോഹനനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.