ഒറ്റദിവസം കൊവിഡ് കേസുകൾ ആയിരം കടന്നതിന്റെ അങ്കലാപ്പിലാണ് സംസ്ഥാനമിപ്പോൾ. ബുധനാഴ്ച 1038 പേർക്കാണു രോഗം പിടിപെട്ടത്. ഇവരിൽ 785 പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നു കിട്ടിയതെന്നറിയുമ്പോഴാണ് ജാഗ്രതയിലും കരുതലിലുമുണ്ടായ വൻവീഴ്ച ബോദ്ധ്യമാകുക. തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടെ പല ജില്ലകളിലും രോഗവ്യാപനം വർദ്ധിക്കുകയാണ്. സ്ഥിതി കൂടുതൽ കൈവിട്ടു പോകാതിരിക്കാൻ വീണ്ടുമൊരു സമ്പൂർണ ലോക്ക് ഡൗണിനെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങിയെന്ന സൂചനയും വന്നുകഴിഞ്ഞു. രോഗപ്രതിരോധ നടപടികളെക്കുറിച്ച് ആലോചിക്കാനായി സർക്കാർ ഇന്ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ധനകാര്യ ബിൽ പാസാക്കാനായി മാത്രം തിങ്കളാഴ്ച സമ്മേളിക്കേണ്ട നിയമസഭയുടെ ഏകദിന സമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനമായിക്കഴിഞ്ഞു. ധനകാര്യ ബിൽ ഓർഡിനൻസിലൂടെ പാസാക്കും. സാങ്കേതിക സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷ മാത്രം ഓൺലൈൻ വഴി നടത്താനൊരുങ്ങുകയാണ്. മറ്റെല്ലാ സെമസ്റ്റർ പരീക്ഷകളും വേണ്ടെന്നു വയ്ക്കും. മുൻ പരീക്ഷകൾ ആധാരമാക്കി മാർക്ക് നൽകും.
രോഗവ്യാപനവും രോഗികളുടെ സംഖ്യയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം മുന്നിലുണ്ടെങ്കിലും അതിരു കവിഞ്ഞ ഭയത്തിനും സംഭ്രാന്തിക്കും അടിസ്ഥാനമില്ലെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ടെങ്കിലും സ്ഥിതിവിവരക്കണക്കു പരിശോധിച്ചാൽ സത്യം അതല്ലെന്ന് ആർക്കും മനസിലാകും. രാജ്യത്ത് ഏറ്റവുമധികം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ജനസംഖ്യയാണെങ്കിൽ മൂന്നരക്കോടിയും. മാർച്ച് മുതൽ ഇതേവരെ കൊവിഡ് പിടിപെട്ടവർ ഇവിടെ 15032 മാത്രമാണെന്ന് ഓർക്കണം. മരണത്തിനു വിട്ടുകൊടുക്കാതെ രോഗികളെ സുഖപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിലും മികച്ച റെക്കാഡാണ് കേരളം ലോകത്തിനു മുന്നിൽ കാഴ്ചവയ്ക്കുന്നത്. കൊവിഡ് മരണം ഇതുവരെ 51-ൽ ഒതുക്കിനിറുത്താനായത് ചില്ലറക്കാര്യമല്ല. ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം നേടിയ നേട്ടമാണിത്. ആരോഗ്യവകുപ്പിന്റെയും ആശുപത്രികളിൽ രാപകൽ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടർമാർ തൊട്ട് ശുചീകരണ വിഭാഗം വരെയുള്ള ജീവനക്കാരുടെയും മറ്റ് നിരവധി വകുപ്പുകളുടെയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നത് മറക്കരുത്.
മാർച്ച് 23-നാണ് രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നത്. ഒന്നരമാസം നീണ്ടുനിന്ന ആദ്യ ഘട്ട ലോക്ക്ഡൗൺ കാലത്ത് രോഗവ്യാപനം കർക്കശമായി നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. പല ഘട്ടങ്ങളായി ഇളവുകൾ വരാൻ തുടങ്ങിയതിനൊപ്പമാണ് രോഗവ്യാപനം കൂടാൻ തുടങ്ങിയത്. അനിശ്ചിതമായ അടച്ചിടലുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന ബോദ്ധ്യമാണ് നിയന്ത്രണങ്ങളിൽ അയവു വരുത്താൻ പ്രേരണയായത്. നിയന്ത്രണങ്ങളുടെ കെട്ടഴിഞ്ഞതോടെ ജനങ്ങൾ കരുതലും ജാഗ്രതയും വെടിഞ്ഞതാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചതെന്നത് നിസ്തർക്കമാണ്. സാമൂഹ്യ അകലം പാലിക്കാനോ പുറത്തിറങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളിലോ പലരും ഉപേക്ഷ കാണിച്ചു. ഇപ്പോഴും അത്തരത്തിലുള്ളവർ ധാരാളമുണ്ട്. പൊലീസ് ദിവസേന നൂറുകണക്കിനു പേരെ പിടികൂടി കേസെടുക്കുന്നതു തന്നെ ഇതിനു മതിയായ തെളിവാണ്. മഹാമാരിയുടെ കാലത്ത് അവശ്യം പാലിക്കേണ്ട പൗരബോധവും കരുതലും കൈമോശം വന്നാൽ സമൂഹം ഒന്നാകെ അതിന്റെ ദുരന്തഫലം സഹിക്കേണ്ടിവരും. രോഗവ്യാപനം തടയുന്നതിൽ സർക്കാരിനോളം തന്നെ ഉത്തരവാദിത്വമുണ്ട് ഇവിടെ ജീവിക്കുന്ന ഓരോരുത്തർക്കും. അതു മനസിലാക്കി കൊവിഡ് നിയന്ത്രണങ്ങളുമായി സർവാത്മനാ സഹകരിക്കാൻ തയ്യാറായാൽ രോഗവ്യാപനം തടയാൻ സാധിക്കും. അതിനുള്ള മനസും വിവേകവും ജനങ്ങൾക്കുണ്ടാകണം. രോഗവ്യാപന സാദ്ധ്യത കൂടാതെ തന്നെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനാവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. അത് വിവേകപൂർവം പ്രയോജനപ്പെടുത്തുന്നതിലാണ് പൗരബോധം പ്രകടിപ്പിക്കേണ്ടത്. ആളുകൾ കൂട്ടം കൂടാതിരിക്കുക എന്നത് രോഗവ്യാപനം തടയുന്നതിൽ പരമപ്രധാനമാണ്. തലസ്ഥാനത്ത് സമ്പർക്ക രോഗികൾ അനിയന്ത്രിതമായി പെരുകാൻ കാരണം കടകമ്പോളങ്ങളിലെ വൻ ആൾക്കൂട്ടമായിരുന്നു. അധികൃതരും ഈ ആൾക്കൂട്ടത്തിനു നേരെ കണ്ണടച്ചപ്പോൾ കാര്യങ്ങൾ പിടിവിട്ടുപോയിരുന്നു.
ഇന്ത്യയിൽത്തന്നെ മറ്റു നിരവധി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാമാരി നിയന്ത്രിക്കുന്നതിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണെന്നു നിസംശയം പറയാം. എന്നിരുന്നാലും രോഗികൾ ദിനംപ്രതി ഇപ്പോൾ കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയ തയ്യാറെടുപ്പുകൾ വേണ്ടിവരും. ഗുരുതരമല്ലാത്ത രോഗികളുടെ ആശുപത്രി പ്രവേശനത്തിലും മറ്റും പുതിയ സമീപനങ്ങൾ സ്വീകരിക്കേണ്ടതായി വരും. രോഗലക്ഷണമുള്ളവരെ ഒന്നടങ്കം ആശുപത്രികളിലാക്കി നിരീക്ഷിക്കുക അപ്രായോഗികമായതിനാൽ വീടുകളിൽത്തന്നെ അതിനുള്ള ഏർപ്പാടുകൾ ചെയ്യുന്നതാകും ഉചിതം. ഈ രീതി ഇതിനകം നടപ്പാക്കിത്തുടങ്ങിയിട്ടുമുണ്ട്. രോഗവർദ്ധന കണക്കിലെടുത്ത് വിവിധ ജില്ലകളിലായി പതിനാറായിരത്തോളം കൊവിഡ് കിടക്കകൾ പുതുതായി സജ്ജീകരിക്കാൻ നടപടിയായിട്ടുണ്ട്. 8816 പേർ ചികിത്സയിലുള്ളതിൽ ഒൻപതു പേർക്കു മാത്രമേ വെന്റിലേറ്റർ ആവശ്യമായുള്ളൂ എന്നതും ഐ.സി.യു വിലുള്ള രോഗികൾ അറുപതിൽ താഴെയാണെന്നതും ആശ്വാസകരമാണ്. രോഗം കൃത്യസമയത്ത് കണ്ടെത്തി ആശുപത്രിയിലാക്കാൻ കഴിയുന്നതു കൊണ്ടുള്ള നേട്ടമാണിത്. രോഗവ്യാപനം തീവ്രമായി തുടരുന്ന പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപകമാക്കുകയാണ് ഇനി ആവശ്യം. പരിശോധാഫലങ്ങൾ ലഭിക്കുന്നതിൽ വരുന്ന കാലതാമസം കുറയ്ക്കാനും കഴിയണം. അതിർത്തികൾ അടച്ചും യാത്രകൾ കർക്കശമായി നിയന്ത്രിച്ചും രോഗവ്യാപനം നിയന്ത്രണത്തിലാക്കണം. സമചിത്തതയോടെ പ്രതിസന്ധി നേരിടുക എന്നതു തന്നെയാണ് പ്രധാനം. അതിനാവശ്യമായ പിന്തുണ ജനങ്ങൾ സർക്കാരിനു നൽകുകയും വേണം. അത്യാവശ്യമല്ലാത്തതെല്ലാം കുറച്ചുനാൾ കൂടി മാറ്റിവയ്ക്കാൻ ഏവരും തയ്യാറാകണം. കഴിഞ്ഞ നാലഞ്ചു മാസമായി പലതും മുടങ്ങി എന്നുവച്ച് എല്ലാം നഷ്ടമായി എന്നു കരുതരുത്. രോഗത്തിനു പിടികൊടുക്കാതെ ജീവൻ നിലനിറുത്തുന്നതിനു തന്നെയാണ് പ്രഥമ പരിഗണന.
കൊവിഡ് പ്രതിസന്ധിക്കൊപ്പം ചില ജില്ലകളിൽ കടലാക്രമണവും കനത്ത മഴയും ജനജീവിതം കൂടുതൽ ദുരിതമയമാക്കുന്നുണ്ട്. സർക്കാരിന്റെ അടിയന്തര ശ്രദ്ധ അവിടങ്ങളിലേക്കും നീണ്ടുചെല്ലേണ്ടതുണ്ട്. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിൽ നിന്ന് തീരപ്രദേശങ്ങളെ ശാശ്വതമായി രക്ഷിക്കാൻ കഴിയുന്ന ഒരു പദ്ധതി ഇനിയും ആവിഷ്കരിക്കാൻ കഴിയുന്നില്ലെന്നത് വലിയ പരാജയം തന്നെയാണ്.