കിളിമാനൂർ: കോടികളുടെ മടവൂർ - പഴയകുന്നുമ്മേൽ - കിളിമാനൂർ കുടിവെള്ള പദ്ധതിയിൽ പൈപ്പ് പൊട്ടൽ പതിവായതോടെ നൂറ് കുടുംബങ്ങളാണ് തൊണ്ട നനയ്ക്കാൻ പോലുമാകാതെ കഷ്ടത്തിലായത്. പഴയകുന്നുമ്മേൽ, കിളിമാനൂർ, മടവൂർ പഞ്ചായത്തുകളെ ഏകോപിപ്പിച്ച് 2017ൽ ഉദ്ഘാടനം ചെയ്ത സമഗ്ര കുടിവെള്ള പദ്ധതിയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ പറപ്പമന്നിലെ പൈപ്പ് പൊട്ടിയിട്ട് മൂന്നാഴ്ചയായി. തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ ജല അതോറിട്ടി പൊട്ടിയ ഭാഗം വച്ച് അടച്ചു. ഇതോടെ ഇവിടത്തെ കുടിവെള്ളവിതരണവും മുടങ്ങി. പറപ്പമൻ, മിഷ്യൻ കുന്ന്, തൊളിക്കുഴി, ചെറുനാരകം കോട്, വട്ടലിൽ, പുലിയം, അടയമൺ, കൊപ്പം തുടങ്ങിയ കോളനികളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമമുള്ളത്. എന്നിട്ടും വാട്ടർ അതോറിട്ടിക്കാർ അനങ്ങുന്നില്ലെന്നാണ് പരാതി.
നിലവാരമില്ലാത്ത പൈപ്പുകളും അശാസ്ത്രീയമായ നിർമ്മാണവുമാണ് പൊട്ടലിന് കാരണമാകുന്നത്. രണ്ട് വർഷത്തിനിടെ നിരവധി തവണയാണ് ഇവിടങ്ങളിൽ പൈപ്പ് പൊട്ടിയത്. പൊതുമരാമത്ത് - ജലവകുപ്പുകൾ പരസ്പരം കുറ്റപ്പെടുത്തി പ്രശ്നത്തിൽ നിന്ന് തടിയൂരുകയാണെന്നും ആക്ഷേപമുണ്ട്. അതിനിടെ പല ഭാഗങ്ങളിലെയും ടാപ്പുകളും ഒടിഞ്ഞിട്ടുണ്ട്. അടിയന്തരമായി പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണി ചെയ്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷത്തിനിടെ പൈപ്പ് പൊട്ടൽ പതിവായതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിനായി ജലവിഭവ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
തുടരുന്ന അവഗണന
പൈപ്പ് പൊട്ടൽ പതിവായത് മടവൂർ - പഴയകുന്നുമ്മേൽ - കിളിമാനൂർ കുടിവെള്ള പദ്ധതിയിൽ
പറപ്പമൺ, മിഷ്യൻ കുന്ന്, തൊളിക്കുഴി, ചെറുനാരകം കോട്, വട്ടലിൽ, പുലിയം പ്രദേശങ്ങളിൽ കുടിവെള്ളമില്ല
പൊതുമരാമത്ത് - ജലവകുപ്പുകൾ പരസ്പരം കുറ്റപ്പെടുത്തി അറ്റകുറ്റപ്പണി നടത്താതെ മുങ്ങുന്നു
കുടിവെള്ളം കിട്ടാതായത് 100 ഓളം കുടുംബങ്ങൾക്ക്.
കോടികളുടെ പദ്ധതി ഉദ്ഘാടനം ചെയ്തത് രണ്ട് വർഷം മുമ്പ്
'പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ഫണ്ടനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ പൈപ്പിടും. താത്കാല ആവശ്യത്തിന് കുടിവെള്ളം എത്തിക്കാനുള്ള ബദൽ നടപടിയും സ്വീകരിക്കും".
- ബി. സത്യൻ എം.എൽ.എ