തിരുവനന്തപുരം: വികസന പദ്ധതികൾ വരണമെങ്കിൽ കൺസൾട്ടൻസികൾ ആവശ്യമാണെന്നും വികസനത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് അവരെ ഒഴിവാക്കാൻ കഴിയില്ലെന്നും മന്ത്രി ഇ.പി. ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെറ്റായ പ്രചാരണമാണ് കൺസൾട്ടൻസികൾക്കെതിരെ നടത്തുന്നത്. യു.ഡി.എഫ് കാലത്ത് നിരവധി കൺസൾട്ടൻസികൾ പ്രവർത്തിച്ചു. രമേശ് ചെന്നിത്തലയും എം.കെ.മുനീറും കെ.ബാബുവും പി.ജെ. ജോസഫുമെല്ലാം കൺസൾട്ടൻസികളെ നിയമിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിന് യു.ഡി.എഫ് ശ്രമം നടത്തുകയാണ്. എത്ര സമരങ്ങളാണ് പ്രതിപക്ഷം നടത്തിയത്. പൊലീസുകാർക്ക് കൊവിഡ് ബാധിച്ചത് ഇവരുമായി മൽപ്പിടിത്തം നടത്തിയിട്ടാണ്. കൊവിഡ് വ്യാപനത്തിന് എന്ത് സംഭാവന നൽകാനാവും എന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. ജനങ്ങളുടെ ഇടയിൽ മുഖ്യമന്ത്രിയെക്കുറിച്ച് വലിയ മതിപ്പുണ്ട്. കരുത്തും ശക്തിയുമുള്ള ഭരണാധികാരിയാണ് അദ്ദേഹം. യു.ഡി.എഫിൽ ഇതിൽ അസഹിഷ്ണുത സൃഷ്ടിക്കുന്നു.
ഇടതുമുന്നണി തുടർ ഭരണത്തിലേക്കെന്ന് വ്യക്തമായപ്പോഴാണ് നിധി വീണു കിട്ടുംപോലെ സ്വർണക്കടത്ത് കിട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് യു.ഡി.എഫും ബി.ജെ.പിയും ആക്രമിക്കുകയാണ്. ബി.ജെ.പിയിലെ പ്രമുഖരുമായാണ് പ്രതികൾക്ക് ബന്ധം. വിവാദ വനിതയെ വിമാനക്കമ്പനിയിൽ നിയമിച്ചത് കേരളത്തിൽ നിന്നുള്ള അന്നത്തെ കേന്ദ്രമന്ത്രിയാണെന്നും വിമർശനമുണ്ടായി. യു.ഡി.എഫും ബി.ജെ.പിയും ഇടതുപക്ഷത്തിനെതിരെ ഒന്നിച്ച് നിൽക്കുകയാണ്. സ്വർണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. എന്തിനാണ് ഇരുകൂട്ടരും ഭയപ്പെടുന്നതെന്നും ജയരാജൻ ചോദിച്ചു.
കാലുളുക്കിയതിനാൽ പേഴ്‌സണൽ
സ്റ്റാഫിനെ ഒഴിവാക്കി
അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സജീഷിനെ ഒഴിവാക്കിയത് കാലുളുക്കിയതിനാലാണെന്ന് മന്ത്രി പറഞ്ഞു. വീട്ടിനകത്തു പോലും നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ ലീവല്ല, ഒഴിവാക്കാൻ തീരുമാനിച്ചു.