ലോക്ക് ഡൗണിൽ ജോലിക്കു വരാത്തതിന് 16 ജീവനക്കാർക്ക് മെമ്മോ

തിരുവനന്തപുരം: പത്തിലധികം സർക്കാർ വകുപ്പുകളുടെ ഡയറക്ടറേറ്റുകൾ പ്രവർത്തിക്കുന്ന വികാസ് ഭവനിൽ കൊവിഡ് രോഗിയായ ജീവനക്കാരന്റെ സാന്നിദ്ധ്യം കൃഷി വകുപ്പ് മറച്ചുവച്ചതായി ആക്ഷേപം ഉയർന്നു.

അതിനിടെ, ഇവിടെ ലോക്ക് ഡൗൺ കാരണം ജോലിക്ക് എത്താത്ത 16പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതും വിവാദമായി. പൂന്തുറ സ്വദേശിയായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് കൊവിഡ് പോസിറ്റീവായത്.

ഈ ജീവനക്കാരൻ കുറേനാളായി വരുന്നില്ലെന്ന് അധികാരികൾ പറയുന്നു. എന്നാൽ, രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിൽ പോകുംമുമ്പ് ഓഫീസിൽ എത്തിയതായി സൂചനയുണ്ട്. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ തപാൽ സെക്ഷനിലെ ജീവനക്കാരൻ ഇപ്പോഴും ജോലിക്കെത്തുന്നുണ്ട്. ഓഫീസിൽ അണുനശീകരണം നടത്തുകയോ മുൻകരുതൽ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മേലധികാരികളുടെ അനുമതിയില്ലാതെ വരാതിരിക്കുന്ന പതിനാറ് ടൈപ്പിസ്റ്റുകൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇവരിൽ കാൻസർ രോഗികളുമുണ്ട്. മറ്റുജില്ലകളിൽ നിന്ന് ജോലിക്കെത്തുന്നവരും സ്വന്തമായി വാഹനം ഇല്ലാത്തവരും മെമ്മോ ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. ഔദ്യോഗിക വാഹനമുള്ള മേലധികാരികൾ വാഹനസൗകര്യം ഇല്ലാതെ വലയുന്ന കീഴ്ജീവനക്കാരുടെ ബുദ്ധിമുട്ട് അറിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. അമ്പത് ശതമാനം ജീവനക്കാർ എത്തണമെന്നാണ് സർക്കാർ നിർദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ ലീവ് നൽകരുതെന്ന് കൃഷിവകുപ്പ് ഡയറക്ടർ ഡോ.വാസുകി ഉത്തരവിട്ടു.

ജോലിക്ക് വരാതിരുന്നാൽ

ഈ രേഖകൾ ഹാജരാക്കണം

# മറ്റു ജില്ലക്കാരാണെങ്കിൽ കാെവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനുള്ള സർട്ടിഫിക്കറ്റ് .

# കണ്ടെയ്‌മെന്റ് സോൺ,ട്രിപ്പിൾ ലോക്ക് ഡൗൺ ഏരിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെങ്കിൽ അതിന്റെ ഉത്തരവ്

# സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 23 മുതൽ ഓഫീസിൽ ഹാജരായതിന്റെ വിശദാംശങ്ങൾ

ഇ - ഓഫീസിന് പരിമിതി

ഇ-ഓഫീസ് സംവിധാനം അഞ്ചു കിലോമീറ്റർ‌ ചുറ്റളവിൽ പ്രവ‌ർത്തനക്ഷമമാണെന്ന് അധികൃതർ പറയുന്നെങ്കിലും മൂന്നു കിലോമീറ്റർ ചുറ്റളവിൽപോലും ലഭ്യമല്ല.