ബാലരാമപുരം: പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്ന നടപടികൾ തടസപ്പെട്ടതോടെ ബാലരാമപുരം - പള്ളിച്ചൽ - വിളവൂർക്കൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വണിഗർ തെരുവിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കാനാവില്ലെന്ന് ഉറപ്പായി. റെയിൽവേ ലൈൻ കടന്നുപോകുന്ന മുക്കംപാലമൂട് ഭാഗത്ത് പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് റെയിൽവേ അനുമതി നിഷേധിച്ചതോടെയാണ് പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായത്. പ്രശ്നപരിഹാരത്തിനായി നേരത്തെ റെയിൽവേ ഡിവിഷൻ അധികൃതരും എം.പിമാരുമായി ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനിടെ പള്ളിച്ചൽ - വിളവൂർക്കൽ - ബാലരാമപുരം സമഗ്ര കുടിവെള്ള പദ്ധതി ബാലരാമപുരം പഞ്ചായത്തിൽ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ടാങ്ക് സ്ഥിതി ചെയ്യുന്ന ഓഫീസ് വാർഡ് നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കാളിപ്പാറ കുടിവെള്ളപദ്ധതി പ്രകാരം ബാലരാമപുരം പഞ്ചായത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ വരെ കുടിവെള്ള വിതരണം സുഗമമായി നടക്കുന്നുണ്ടെങ്കിലും ഇവിടെ ശുദ്ധജലവിതരണത്തിന് ഇതുവരെയും ശാശ്വത പരിഹാരമായിട്ടില്ല. നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന 36 കോടി രൂപയുടെ പദ്ധതിയിൽ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിന് 11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പള്ളിച്ചൽ, വിളവൂർക്കൽ പഞ്ചായത്തുകൾക്കാണ് ബാക്കി തുക അനുവദിച്ചത്. വണിഗർ തെരുവിലെ ഭീമൻ കുടിവെള്ള ടാങ്കിന്റെ സംഭരണശേഷി 13 ലക്ഷം ലിറ്ററാണ്. ഉദ്ഘാടനം സാദ്ധ്യമായാൽ പഞ്ചായത്തിലെ 20 വാർഡുകളിലും കുടിവെള്ളമെത്തുന്നത് ഈ ടാങ്കിൽ നിന്നാണ്.
റെയിൽവേ ലൈനും ദേശീയപാതയും
റെയിൽവേ ലൈൻ കടന്നുപോകുന്ന മുക്കംപാലമൂട്, തേമ്പാമുട്ടം സിഗ്നൽ പോസ്റ്റ് എന്നിവിടങ്ങളിലും ബാലരാമപുരത്ത് ദേശീയപാത മുറിച്ചുമാണ് ഇനി പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ളത്. എന്നാൽ പഴയ പൈപ്പ് ലൈൻ വഴി ഈ ഭാഗങ്ങളിലേക്ക് പമ്പിംഗ് നടക്കുമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. ബാക്കി ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തീകരിച്ചെങ്കിലും കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം വീണ്ടും വൈകുന്നത് കുടിവെള്ളം കാത്തിരിക്കുന്നവരെ നിരാശരാക്കുന്നു.
ചില രാഷ്ട്രീയ താത്പര്യങ്ങളും ഇടപെടലും മൂലമാണ് ടാങ്കിന്റെ ഉദ്ഘാടനം വൈകുന്നത്. എം.പിമാർ, എം.എൽ.എമാർ, റെയിൽവേ അധികൃതർ എന്നിവരിൽനിന്ന് ലഭിച്ച ഉറപ്പുകളെല്ലാം ജലരേഖയായി. പദ്ധതി എത്രയും വേഗം നടപ്പാക്കിയില്ലായെങ്കിൽ നാട്ടുകാരെ അണിചേർത്ത് നിരാഹാരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകും.
കെ.ഹരിഹരൻ, വാർഡ് മെമ്പർ,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,
ബാലരാമപുരം ഗ്രാമപഞ്ചായത്ത്
റെയിൽവേ അനുമതി വൈകുന്നത് മൂലം മുക്കമ്പാലമൂട്, താന്നിവിള, പിരായുംമൂട് എന്നിവിടങ്ങളിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ജോലികൾ നീളുകയാണ്. കാളിപ്പാറ കുടിവെള്ള പദ്ധതിയുമായി ചേർന്ന് ബാലരാമപുരത്തെ ടാങ്കിൽ വെള്ളമെത്തിക്കാനുള്ള ശ്രമം നടക്കുന്നു. വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ ഏറ്റെടുത്ത ജോലികൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.
അസി. എക്സിക്യൂട്ടീവ് എൻജിനിയർ
വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ
കുടിവെള്ള ടാങ്ക് സ്ഥാപിക്കാൻ അനുവദിച്ചത് - 11 കോടി രൂപ