തിരുവനന്തപുരം: ധനബിൽ പാസാക്കുന്നതിനായി 27ന് ചേരാനിരുന്ന നിയമസഭാസമ്മേളനം കൊവിഡ് രോഗഭീതി ഉയരുന്ന പശ്ചാത്തലത്തിൽ ഉപേക്ഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സമ്മേളനം ചേരുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഗവർണർക്കയച്ച ഈ സമൻസ് സസ്പെൻഡ് ചെയ്യാനാണ് ഇന്നലത്തെ തീരുമാനം. സഭാ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യം. ധനകാര്യ ബില്ലിന്റെ കാലാവധി 120 ദിവസത്തിൽ നിന്ന് 180 ദിവസം വരെയാക്കി നീട്ടി ഓർഡിനൻസിറക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ 27ന് പ്രത്യേക മന്ത്രിസഭായോഗം ചേരും.
തലസ്ഥാനത്തുൾപ്പെടെ രോഗവ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സഭാസമ്മേളനം വെല്ലുവിളിയാകുമെന്ന് ഇന്നലെ മന്ത്രിസഭായോഗം വിലയിരുത്തി. പ്രതിപക്ഷനേതാവുമായി വിഷയം സംസാരിച്ചെന്നും, സർക്കാരിന്റേതായ നിലയിൽ തീരുമാനിച്ചാൽ മതിയെന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. വായുസഞ്ചാരം തീരെ കുറവുള്ളതും ശീതീകരിച്ചതുമാണ് നിയമസഭാഹാൾ. 140 അംഗങ്ങളിൽ 47 പേരും 65ന് മുകളിലുള്ളവരാണ്. പല എം.എൽ.എമാരുടെയും മണ്ഡലങ്ങളിൽപ്പെട്ട ഭാഗങ്ങൾ ഹോട്ട്സ്പോട്ട് മേഖലകളായിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ സഭ ചേരുന്നത് അപകടകരമായിരിക്കുമെന്ന് യോഗം വിലയിരുത്തി.
ധനബില്ലിന്റെ കാലാവധി 180 ദിവസം വരെ നീട്ടിയാൽ സർക്കാരിന് രണ്ട് മാസത്തെ സാവകാശം കിട്ടും. ആറ് മാസത്തിനകം സഭ ചേരണമെന്ന വ്യവസ്ഥയനുസരിച്ച് സെപ്തംബർ 12ന് മുമ്പ് ചേർന്നിരിക്കണം. അതിനിടയിൽ സഭ ചേരേണ്ടിവരുമെന്ന സൂചന യോഗത്തിൽ മുഖ്യമന്ത്രി നൽകി.
നിയമസഭാ സമ്മേളനം മാറ്റിയത്
രാഷ്ട്രീയ കാരണങ്ങളാൽ: ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റി വയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ശക്തമായ അതൃപ്തിയും പ്രതിഷേധവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സമ്മേളനം മാറ്റിവയ്ക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണ്. സർക്കാരിനെതിരെ ഉയർന്നുവരുന്ന അവിശ്വാസപ്രമേയത്തെ എതിർക്കാൻ ഇടതുമുന്നണിയിലെ പല കക്ഷികൾക്കും പ്രയാസമുണ്ടെന്ന വസ്തുത കണക്കിലെടുത്താവും സമ്മേളനം മാറ്റിയത്.
സഭാസമ്മേളനം ചേരാൻ തീരുമാനിച്ചത് സ്പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചാണ്. 27ന് നിയമസഭ ചേരാൻ നിശ്ചയിച്ച് ഗവർണറോട് ശുപാർശ ചെയ്ത മന്ത്രിസഭായോഗം ചേർന്നത് തലസ്ഥാനത്ത് ലോക്ക് ഡൗണുള്ള ഘട്ടത്തിലായിരുന്നു. സാമൂഹ്യ അകലം പാലിച്ച് പ്രത്യേക സീറ്റുകളിട്ട് ചേരാനാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സ്പീക്കറും സംശയത്തിന്റെ നിഴിലിലാവുകയും പ്രതിപക്ഷം ചട്ടപ്രകാരം പ്രമേയങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തത്. നോട്ടീസ് കൊടുത്ത് ഇത്രയും ദിവസമായിട്ടും നിയമസഭ അത് ബുള്ളറ്റിനായി പ്രസിദ്ധീകരിക്കാത്തത് ചട്ടവിരുദ്ധമാണ്. പിണറായിയുടെ രാജി ആവശ്യപ്പെട്ടുള്ള മറ്റ് പ്രക്ഷോഭ പരിപാടികൾക്ക് യു.ഡി.എഫ് രൂപം നൽകും.
സഭാസമ്മേളനം മാറ്റിയത്
ഭയമുള്ളതിനാൽ: മുല്ലപ്പള്ളി
തിരുവനന്തപുരം: സത്യത്തെ ഭയപ്പെടുന്നതു കൊണ്ടാണ് നിയമസഭാ സമ്മേളനം മാറ്റാൻ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്തും മുഖ്യമന്ത്രിയുടെ വിദേശയാത്രയും തുടർന്നുണ്ടായ കൺസൾട്ടൻസി കരാറുകളും അഴിമതിയും തുറന്നുകാട്ടപ്പെടുമെന്നതിനാലാണ് സമ്മേളനം മാറ്റിത്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കളെ കുറിച്ചുള്ള പൂർണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജൻസിയായ റോ ശേഖരിച്ചിട്ടുണ്ട്. സഭാസമ്മേളനം മാറ്റിയത് ജനാധിപത്യവിരുദ്ധമാണ്. ഉദ്യോഗസ്ഥലോബിയും ഉപജാപകവൃന്ദവുമാണ് മുഖ്യമന്ത്രിയെ നയിക്കുന്നത്.
സ്വർണക്കടത്ത് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയപ്പോഴാണിത് പത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ കാരണമില്ലാതെ സ്ഥലംമാറ്റിയത്. ഇതിന് പിന്നിൽ കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയാണ്. മദ്യശാലകൾക്ക് മുന്നിലെയും കുഞ്ഞനന്ദന്റെ ശവസംസ്കാര ചടങ്ങിലെയും എൻജിനിയറിംഗ് പ്രവേശന പരീക്ഷാ കേന്ദ്രത്തിലെയും തിരക്കിനെ ന്യായീകരിച്ചവരാണിപ്പോൾ നിയമസഭയിലെ 140 അംഗങ്ങളെ നിയന്ത്രിക്കാനാകാത്ത ആൾക്കൂട്ടമായി ചിത്രീകരിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
മുഖ്യമന്ത്രി ഒളിച്ചോടുന്നു:
കെ.സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം സർക്കാർ ഒഴിവാക്കിയത് മടിയിൽ കനമുള്ളതു കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്ത് കേസിലുള്ള വ്യക്തമായ പങ്ക് ന്യായികരിക്കാൻ ത്രാണിയില്ലാത്തതു കൊണ്ടാണ് സമ്മേളനം ഒഴിവാക്കിയതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.മുഖ്യമന്ത്രി വിമർശനത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവിശ്വാസ പ്രമേയത്തെ സി.പി.എം ഭയക്കുകയാണ്. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്താൽ സ്വർണ കള്ളക്കടത്തിനെ ന്യായികരിക്കാൻ ഘടക കക്ഷികൾ തയാറാകില്ലെന്ന ആശങ്ക അവർക്കുണ്ട്.
നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ സർക്കാർ സമൻസ് പുറപ്പെടുവിച്ച ജൂലായ് 10 നു രോഗവ്യാപനത്തെ പറ്റിയോ 40 എം.എൽ.എ മാർക്ക് 65 വയസ് കഴിഞ്ഞ കാര്യമോ സർക്കാരിന് അറിയില്ലായിരുന്നോയെന്നും സുരേന്ദ്രൻ ചോദിച്ചു.