meenmutty-waterfalls

വിതുര: വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വൻ പ്രവാഹം തടയുന്നതിനായി വിതുര പൊലീസ് കർശന നടപടികൾ സ്വീകരിക്കും. ലോക്ക് ഡൗൺ മറികടന്ന് അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും അനവധി സംഘങ്ങളാണ് വിതുര മേഖലയിലെത്തുന്നത്. ഇതു സംബന്ധിച്ച് കേരളകൗമുദി ഇക്കഴിഞ്ഞ ഞായറാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചതെന്ന് വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത്തും സബ് ഇൻസ്പെക്ടർ വി.എൽ. സുധീഷും അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരമേഖലകളിൽ സഞ്ചാരികൾക്ക് മാ‌‌‌ർച്ച് മുതൽ നിയന്ത്രണം ഏ‌ർപ്പെടുത്തിയിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഇളവ് നൽകിയതോടെ സഞ്ചാരികൾ വൻതോതിൽ എത്താൻ തുടങ്ങി. കല്ലാ‌ർ, പേപ്പാറ, ബോണക്കാട് ടൂറിസം മേഖലകളിലെത്തുന്നവരിൽ ഭൂരിഭാഗവും തലസ്ഥാനനഗരിയിലും പരിസരത്തും ഉള്ളവരാണ്. ജില്ലാ രജിസ്ട്രേഷൻ ഉള്ള വാഹനങ്ങളിലാണ് ഇവ‌രെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കാറുകളിൽ പരിധി മറികടന്ന് നിറയെ പേരാണെത്തുന്നത്. തിരുവനന്തപുരം നഗര മേഖലയിൽ കൊവിഡ് വ്യാപിച്ചതോടെ ഇത്തരം സംഘങ്ങളെത്തുന്നത് വിതുര മേഖലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അടിയന്തരമായി ഇത്തരം സംഘങ്ങളെ നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. ചെക്കുപോസ്റ്റുകളിൽ പരിശോധന ഇല്ലാതിരുന്നത് ടൂറിസ്റ്റ് സംഘങ്ങൾക്ക് അനുഗ്രഹമായിരുന്നു. പൊൻമുടിയിലേക്കുള്ള ചെക്ക് പോസ്റ്റ് അടച്ചിട്ടിരിക്കുകയാണെങ്കിലും മറ്റ് ചെക്ക് പോസ്റ്റുകളായ ജഴ്സിഫാം, കുട്ടപ്പാറ എന്നിവ തുറന്നിട്ടിരിക്കുകയാണ്. ഇൗ ചെക്ക് പോസ്റ്റുകൾ വഴിയാണ് വനമേഖലകളിൽ സഞ്ചാരികളെത്തുന്നത്. മുൻപ് ചെക്ക് പോസ്റ്റുകളിൽ പരിശോധന ഉണ്ടായിരുന്നപ്പോൾ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.

 സഞ്ചാരികളെത്തുന്നത് കല്ലാ‌ർ, പേപ്പാറ, ബോണക്കാട് മേഖലകളിൽ

പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡ്

ചെക്ക് പോസ്റ്റുകളിൽ പരിശോധന

മേഖലയിലുള്ള ചെക്ക്പോസ്റ്റുകൾ - 2

പൂവാല ശല്യവും

വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന യുവ സംഘങ്ങൾ ആദിവാസി മേഖലകളിൽ അതിക്രമിച്ചു കയറി ആദിവാസി സ്ത്രീകളെയും പെൺകുട്ടികളെയും ശല്യപ്പെടുത്തുന്നതായും പരാതി ഉയർന്നിരുന്നു. മാത്രമല്ല അവധി ദിനങ്ങളിൽ രാവിലെ എത്തുന്ന സംഘങ്ങൾ രാത്രി വരെ വനത്തിൽ തമ്പടിക്കുന്നതായും ആദിവാസികൾ പറയുന്നു. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.

വിതുരയിലും നിയന്ത്രണം

കൊവിഡ് വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായി വിതുര പഞ്ചായത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെ മറ്റുള്ള കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കൂ. വാഹനപരിശോധന ശക്തമാക്കും. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവരെയും മാസ്ക് ധരിക്കാത്തവരെയും പിടികൂടി പിഴ ചുമത്തും.