photo

തിരുവനന്തപുരം: വീടിന്റെ ഉമ്മറവും അടുക്കളയും പൊളിച്ച് ഉറ്റവരുടെ മൃതദേഹം മറവുചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ ഗ്യാസ് ക്രിമിറ്റോറിയങ്ങളുമായി ജില്ലാ പഞ്ചായത്ത്. ചുരുങ്ങിയ സ്ഥലത്ത് ഗ്യാസ് ഉപയോഗിച്ച് ശാസ്ത്രീയമായി മൃതദേഹം സംസ്‌കരിക്കാനാണ് ' ശാന്തികുടീരങ്ങൾ ' തയ്യാറാക്കുന്നത്. സമയലാഭത്തിനുപുറമേ ഭൂരഹിതരും ഭവന രഹിതരുമായ ആയിരക്കണക്കിന് കോളനി നിവാസികൾ തിങ്ങിവസിക്കുന്ന ജില്ലയിൽ പദ്ധതി ഏറെ സഹായകരമാകും. ഒരുവർഷം മുമ്പ് നെടുമങ്ങാട് നഗരസഭ കിള്ളിയാർ തീരത്തെ കല്ലമ്പാറയിൽ സ്ഥാപിച്ച പൊതുശ്‌മശാനത്തെ മാതൃകയാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി ശ്‌മശാനങ്ങളിൽ മൃതദേഹം വരുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് ഫർണസ് ചൂടാക്കണമെന്നുണ്ട്. എന്നാൽ ഗ്യാസ് ക്രിമിറ്റോറിയത്തിൽ ഈ പ്രതിസന്ധി ഇല്ല. രാത്രിയായാലും മൃതദേഹം സംസ്‌കരിക്കാനും തടസമില്ല. ചൂട് പുറത്തുവരാതിരിക്കാനുള്ള ലയനിംഗ് ഫർണസിൽ പിടിപ്പിച്ചിട്ടുണ്ട്.

 ഒരു ക്രിമിറ്റോറിയത്തിന് ഒരു കോടി

കല്ലറയിലും പാലോട്ടും വിതുരയിലും ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കല്ലറയിലെ ശാന്തികുടീരം ഉദ്ഘാടനം ചെയ്‌തു. പാലോട്ട് പെരിങ്ങമ്മല പഞ്ചായത്തിലെ മാന്തുരുത്തി മുക്കാംതോടിന്റെ കരയിലാണ് ശാന്തികുടീരം ഒരുങ്ങിയത്. പാറശാലയിലും നിർമ്മാണം അന്തിമഘട്ടത്തിലാണ്. വിതുരയിൽ നിർമ്മാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. എൽ.പി.ജി ഗ്യാസ് ഉപയോഗിച്ചാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. ഫർണസും മറ്റു സാങ്കേതിക ക്രമീകരണത്തിനുമായി 25 ലക്ഷവും കെട്ടിടവും ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ 75 ലക്ഷം രൂപയും വേണം

സവിശേഷതകൾ
--------------------------
1.പുകയോ ദുർഗന്ധമോ ഇല്ല
2. ചിമ്മിനിയും ഫർണസും അടങ്ങുന്നതാണ് ക്രിമിറ്റോറിയം
3. ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് 10 മുതൽ 15 കി.ഗ്രാം ഗ്യാസ്
4. ഫർണസിനകത്തുള്ള 4 ബർണറുകൾ ചൂട് ക്രമീകരിക്കും
5. പുക ബ്ലോവറിന്റെ സഹായത്തോടെ 30 മീറ്റർ പൊക്കമുള്ള ചിമ്മിനിയിൽ കടത്തിവിടും
6. ദഹിപ്പിക്കൽ എത്ര ശതമാനം എന്നറിയാൻ പ്രത്യേക ക്രമീകരണം

‌ശാന്തികുടീരം ആഗസ്റ്റിൽ തുറക്കും

പാലോട് നിന്ന് രണ്ട് കിലോമീറ്റർ മാറി മുക്കാംതോട്ടിൽ ജില്ലാ പഞ്ചായത്ത് 50 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങിയാണ് ശാന്തികുടീരം നിർമ്മിച്ചത്. ഇവിടെ എത്തിച്ചേരാൻ ഒരു നടവരമ്പ് മാത്രമാണ് ഉണ്ടായിരുന്നത്. സൈഡ് വാൾ കെട്ടി 6 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ് നിർമ്മിച്ചുകഴിഞ്ഞു. വയറിംഗ്, പെയിന്റിംഗ് എന്നിവയ്ക്ക് പുറമെ വഴിയും മുറ്റവും ടൈലു പാകി ആകർഷകമാക്കിയിട്ടുണ്ട്. ആഗസ്റ്റ് പകുതിയോടെ ശാന്തികുടീരം തുറന്നുകൊടുക്കാനാണ് ആലോചന. നന്ദിയോട്, വിതുര, തൊളിക്കോട്, പനവൂർ, പാങ്ങോട് പഞ്ചായത്തു നിവാസികൾക്കും ഉപകാരപ്പെടും. മൂന്ന് കോടി രൂപയാണ് സ്ഥലം വാങ്ങി വഴി സൗകര്യമൊരുക്കി ക്രിമിറ്റോറിയം നിർമ്മിക്കുന്നതിനായി ചെലവായത്. ഒരു ചിമ്മിനിയും ഒരു ഫർണസും അടങ്ങിയതാണ് പാലോട്ടെ ക്രിമിറ്റോറിയം. പിന്നീട് മൂന്ന് ഫർണസ് കൂടി ചേർക്കാം. ആലുവയിലുള്ള ഹൈടെക് ക്രിമിറ്റോറിയം എന്ന സ്ഥാപനമാണ് ഇവിടെ ഗ്യാസ് ക്രിമിറ്റോറിയം സജ്ജമാക്കിയത്.

 ഗ്യാസ് ക്രിമിറ്റോറിയങ്ങൾ സജ്ജമാവുന്നത് - കല്ലറ, പാലോട്, വിതുര, പാറശാല എന്നിവിടങ്ങളിൽ

പ്രതികരണം

-------------------

'' നിലവിലെ സാഹചര്യത്തിൽ ഗ്യാസ് ക്രിമിറ്റോറിയങ്ങളുടെ ആവശ്യകതയുണ്ട്. മനോഹരമായ പൂന്തോട്ടവും സെക്യൂരിറ്റി കെട്ടിടവും ഓഫീസും അന്തിമോപചാരം അർപ്പിക്കാനുളള സ്ഥലവും ദഹിപ്പിക്കാനുള്ള കെട്ടിടവും ഗേറ്റും ഉൾപ്പെടുന്നതാണ് ഗ്യാസ് ക്രിമിറ്റോറിയം. നിർമ്മാണം ശാസ്ത്രീയമായാണ് നടത്തുന്നത്.

--വി.കെ. മധു ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)