തിരുവനന്തപുരം: ജില്ലയിൽ കടൽക്ഷോഭം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കളക്ടർ നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. പ്രദേശത്തെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വേണ്ട നടപടി വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം ക്യാമ്പുകൾ സജ്ജീകരിക്കാൻ. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കൂടുതൽ ക്യാമ്പുകൾ സജ്ജീകരിക്കണം. പ്രാദേശിക മെഡിക്കൽ ഓഫീസർമാരുമായി ബന്ധപ്പെട്ട് ക്യാമ്പുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കാനും കളക്ടർ നിർദ്ദേശിച്ചു. ഇറിഗേഷൻ, പി.ഡബ്‌ള്യു.ഡി, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവരോട് കടൽക്ഷോഭത്തിൽ തകർന്ന റോഡുകൾ ശരിയാക്കുന്നതിനായി ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, തഹസിൽദാർ, വില്ലേജ് ഓഫീസർമാർ, പി.ഡബ്‌ള്യു.ഡി, ഇറിഗേഷൻ,കെ.ആർ.എഫ്.ബി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.